നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന മഹാരാഷ്ട്രയില്‍ ബിജെപിയെ വെട്ടിലാക്കി മുതിര്‍ന്ന നേതാവിന്‍റെ വിഡിയോ. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ജനങ്ങളോടും പ്രവര്‍ത്തകരോട് പരമാവധി സ്നേഹത്തോടെയും അടുപ്പത്തോടെയും ഇടപെടാനാണ് നേതാക്കള്‍ ശ്രമിക്കുന്നത്. എന്നാല്‍ ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ റാവുസാഹേബ് ഡാൻവെ അടുത്തേക്ക് വന്ന യുവാവിനെ തൊഴിച്ചു മാറ്റുകയാണ് ചെയ്തത്. ജൽന ജില്ലയിലെ ഭോകർദാനിലാണ് സംഭവം നടന്നത്.
ഫോട്ടോക്ക് പോസ് ചെയ്യുന്നതിനിടെ അരികിലേക്ക് എത്തിയ പ്രവർത്തകനെയാണ് റാവുസാഹേബ് തൊഴിച്ചുമാറ്റിയത്.ശിവസേന ഷിൻഡെ വിഭാഗം സ്ഥാനാർഥി അർജുൻ ഖോത്കറിനൊപ്പം ഫോട്ടോയെടുക്കുന്നതിനായി നിൽക്കുന്നതിനിടെയാണ് സംഭവം. ഇതിനിടെ ഒരു യുവാവ് അദ്ദേഹത്തിന്‍റെ അടുത്തേക്ക് എത്തി. മാറി നില്‍ക്കാന്‍ ആവശ്യപ്പെടുന്നതിന് നേതാവ് യുവാവിനെ തൊഴിച്ച് മാറ്റുകയായിരുന്നു.
വിഡിയോ വൈറലായതിനുപിന്നാലെ വിഡിയോയില്‍ കണ്ട ഷെയ്ഖ് എന്ന യുവാവ് വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. റാവുസാഹേബിന്‍റെ അടുത്ത സുഹൃത്താണ് താനെന്നും 30 വര്‍ഷമായി അദ്ദേഹത്തെ അറിയാമെന്നും ഷെയ്ഖ് പറഞ്ഞു. പുറത്തുവരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും റാവുസാഹേബിന്‍റെ ഷര്‍ട്ട് ശരിയാക്കാനുമാണ് താന്‍ ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
എന്തായാലും വിഡിയോ പുറത്തുവന്നതിനുപിന്നാലെ ബിജെപി നേതാവിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. റാവുസാഹേബ് ഫുട്ബോളിലായിരുന്നു ചേരേണ്ടിയിരുന്നതെന്ന് ശിവസേന ഉദ്ധവ് വിഭാഗം നേതാവ് ആദിത്യ താക്കറെ പറഞ്ഞത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ബിജെപി പ്രവര്‍ത്തകര്‍ക്ക് ഒന്നും ലഭിക്കുന്നില്ല, അതുകൊണ്ട് ഇനിയും ബിജെപിക്ക് ബിജെപിക്ക് വോട്ട് ചെയ്യണോ എന്ന് അവര്‍ ആലോചിക്കണമെന്നും ആദിത്യ താക്കറെ പറഞ്ഞു