മണിപ്പുരില്‍ കലാപം വീണ്ടും പടരുന്നു. മന്ത്രിമാരുടെ വീടുകള്‍ക്കുനേരെ ആക്രമണം ജിരിബാമില്‍ അഞ്ച് ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് തീയിട്ടു. കുക്കി വിഭാഗക്കാരുടെ ഏഴ് വീടുകള്‍ കത്തിച്ചു.
സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മണിപ്പൂരില്‍ സുരക്ഷ വര്‍ധിപ്പിച്ചു. ഇംഫാല്‍ ടൗണില്‍ കരസേനയെയും അസം റൈഫിള്‍സിനെയും വിന്യസിച്ചു. രാവിലെ ഫ്ലാഗ് മാര്‍ച്ച് നടത്തും. ദേശീയപാതയില്‍ ഉള്‍പ്പെടെ സുരക്ഷ കൂട്ടി. വിവിധയിടങ്ങളില്‍ 107 ചെക്ക്പോസ്റ്റുകള്‍ സ്ഥാപിച്ചു. ഇന്നലത്തെ സംഘര്‍ഷങ്ങളില്‍ 23പേര്‍ അറസ്റ്റിലായി.
Read Also: മണിപ്പുര്‍ കലാപം; മൃതദേഹങ്ങള്‍ വിട്ടുകിട്ടിയില്ല; ആശുപത്രിക്ക് മുന്‍പില്‍ വ്യാപക അക്രമം
മണിപ്പുരില്‍ രാത്രി വൈകിയും സംഘര്‍ഷമുണ്ടായി. ഇംഫാലില്‍ അക്രമികളെ പിന്തിരിപ്പിക്കാന്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തും വ്യാപകമായി കണ്ണീര്‍വാതകം പ്രയോഗിച്ചും സുരക്ഷാസേന അക്രമികളെ നേരിട്ടു. ഇംഫാലില്‍ മൂന്ന് മന്ത്രിമാരുടെയും ആറ് എംഎല്‍എമാരുടെയും വീടുകള്‍ ഇന്നലെ ആക്രമിച്ചിരുന്നു.
മുഖ്യമന്ത്രി എന്‍.ബിരേന്‍ സിങ്ങിന്‍റെ ഇംഫാല്‍ ഈസ്റ്റിലെ സ്വകാര്യ വസതിയിലേക്ക് കടന്നുകയറാന്‍ ശ്രമിച്ചെങ്കിലും അക്രമികളെ സേന തുരത്തി. കഴിഞ്ഞദിവസം പ്രാബല്യത്തിലാക്കിയ സായുധസേന പ്രത്യേക അധികാര നിയമം പിന്‍വലിക്കണമെന്ന വിചിത്ര ആവശ്യവുമായി മണിപ്പുര്‍ സര്‍ക്കാര്‍ രംഗത്തുവന്നു. കുക്കികള്‍ തട്ടിക്കൊണ്ടുപോയ മെയ്തെയ് കുടുംബത്തിലെ ആറംഗ സ്ത്രീകളുടെയും കുട്ടികളുടെയും അഴുകിയ മൃതദേഹങ്ങള്‍ കണ്ടെത്തിയതാണ് നിലവിലെ സംഘര്‍ഷത്തിന് കാരണം.
എന്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പുര്‍ സന്ദര്‍ശിക്കാത്തതെന്ന ചോദ്യവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്തുവന്നു. സമാധാനം പുനഃസ്ഥാപിക്കാന്‍ പ്രധാനമന്ത്രി മണിപ്പുരിലെത്തണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് മെയ്തെയ് വിഭാഗക്കാരായ ചില ബിജെപി എംഎല്‍എമാര്‍ രാജിവയ്ക്കുമെന്ന അഭ്യൂഹം ശക്തമാണ്.