മഹാരാഷ്ട്ര വോട്ടെടുപ്പ് ദിനത്തിൽ ഭരണ- പ്രതിപക്ഷ കക്ഷികളെ പിടിച്ചുകുലുക്കി കോഴ ആരോപണങ്ങൾ. ബിജെപി ദേശീയ ജനൽ സെക്രട്ടറി വിനോദ് താവ്ഡയിൽ നിന്ന് പണം പിടിച്ചെന്ന ആക്ഷേപവും കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ നാനാ പട്ടോളെക്ക് എതിരായ ക്രിപ്പറ്റോ കറൻസി വിവാദവും ഇരുവിഭാഗവും കൊഴുപ്പിക്കുന്നു. ഇത് വോട്ടെടുപ്പിൽ എങ്ങനെ പ്രതിഫലിക്കും എന്നാണ് ആകാംക്ഷ.
വിനോദ് താവ്ഡ തിരഞ്ഞെടുപ്പിൽ വിതരണം ചെയ്യാൻ ഹോട്ടലിൽ പണമെത്തിച്ചു എന്ന ആരോപണം ബിജപിക്ക് വലിയ ക്ഷീണമായി. നേരിട്ട് പണം പിടിച്ചെടുത്തിട്ടില്ല എന്ന് പറയുമ്പോഴും പ്രധാന നേതാവ് വിവാദത്തിൽ പെട്ടത് പാർട്ടിയെ ഉലച്ചു. എന്നാൽ ഇത് മഹാ വികാസ് അഘാഡിയുടെ നാടകമാണെന്നും പണം കൊണ്ടുപോകാൻ താൻ മണ്ടൻ അല്ലെന്നും താവ് ഡെ പ്രതികരിച്ചു. എന്നാൽ പ്രതിപക്ഷത്തിന് കിട്ടിയത് വലിയ രാഷ്ട്രീയ ആയുധം. ഭരണപക്ഷത്ത അജിത് പവാർ പോലും ഇതിൽ പരോക്ഷമായ നീരസം പ്രകടിപ്പിച്ചു
വോട്ടിന് കോഴ ആരോപണം വന്നതോടെ പ്രതിരോധിക്കാൻ പ്രതിപക്ഷത്തിന് എതിരെ ക്രിപ്റ്റോ കറൻസി ആരോപണവുമായി ബിജെപി രംഗത്തുവന്നു. ബിറ്റ്കോയിൻ ഇടപാടുകൾ നടത്തി കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ നാനാ പട്ടോളെയും എൻസിപിയിലെ സുപ്രിയ സുളെയും തട്ടിപ്പ് നടത്തി എന്നായിരുന്നു ആരോപണം. ഇതിന്‍റെ ഓഡിയോ സന്ദേശവും അവർ പുറത്തുവിട്ടു. എന്നാൽ ഇത് തന്‍റെ ശബ്ദമല്ല എന്ന് മോദിക്ക് പോലും അറിയാമെന്ന് നാന പട്ടോളേ പരിഹസിച്ചു. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്ന് പറഞ്ഞ് ദേവേന്ദ്ര ഫഡ്‌നവിസ് അടക്കമുള്ളവർ വിഷയം വീണ്ടും ഏറ്റെടുക്കുകയാണ്.