TOPICS COVERED

ദീര്‍ഘകാലത്തെ ബന്ധത്തിനുശേഷം വിവാഹം കഴിക്കാതെ പിരിഞ്ഞതിന് ക്രിമിനല്‍ നടപടിയെടുക്കാനാകില്ലെന്ന് സുപ്രീം കോടതി.  യുവാവ്  വിവാഹ വാഗ്ദാനം നല്‍കി ബലാല്‍സംഗം ചെയ്തെന്ന കേസ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.  ഡല്‍ഹി സ്വദേശിയായ യുവാവിനെതിരെ 2019ല്‍ യുവതി നല്‍കിയ കേസാണ് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, എൻ.കോടീശ്വർ സിങ്ങ് എന്നിവരുടെ ബെഞ്ച് റദ്ദാക്കിയത്.  വിവാഹ വാഗ്ദാനം നല്‍കി ദീര്‍ഘകാലം ബലാല്‍സംഗം ചെയ്തെന്നായിരുന്നു പരാതി.  

ഉഭയസമ്മതത്തോടെയുള്ള ബന്ധം വിവാഹത്തിലെത്താത്തിന് ക്രിമിനൽ നിറം നൽകാനാവില്ല. ബന്ധം വേർപെടുത്തിയതിന് പുരുഷനെതിരെ മാത്രം ക്രിമിനൽ നടപടികൾ ആരംഭിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. പരാതിക്കാരിയായ പെൺകുട്ടിയുടെ സമ്മതമില്ലാതെ പ്രതി ദീർഘകാല ബന്ധം പുലർത്തിയെന്നത് അവിശ്വസനീയമാണെന്നും കോടതി വിലയിരുത്തി. വിവാഹ വാഗ്ദാനത്തോടെയാണ് ബന്ധം ആരംഭിച്ചതെന്നിന് തെളിവില്ല,  കക്ഷികൾ തമ്മിലുള്ള ബന്ധം സൗഹാർദ്ദപരവും പരസ്പര സമ്മതത്തോടെയുമായിരുന്നു. ദീര്‍ഘകാലം പരസ്പരം കണ്ടതും ശാരീരിക ബന്ധത്തിലേര്‍പ്പെട്ടതും ബന്ധം ഉഭയസമ്മതപ്രകാരമാണെന്നാണ് വ്യക്തമാക്കുന്നത് എന്നും  കോടതി നിരീക്ഷിച്ചു.  

പരാതിക്കാരിയുടെ വിലാസം കണ്ടെത്തി അവളുമായി ബലമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന ആരോപണത്തിലും കോടതി ആശ്ചര്യം പ്രകടിപ്പിച്ചു.  പരാതിക്കാരിയുടെ വിലാസം അവർ സ്വമേധയാ വെളിപ്പെടുത്തിയില്ലെങ്കിൽ പ്രതിക്ക് അറിയാനാകുമായിരുന്നോയെന്ന് ബെഞ്ച് ചോദിച്ചു.

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുവാവ് ആദ്യം ഡൽഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഹർജി തള്ളുകയായിരുന്നു. ഉഭയ സമ്മതത്തോടെയുള്ള ബന്ധം വേര്‍പ്പെടത്തിനുശേഷം ബലാല്‍സംഗ കേസ് നിലനില്‍ക്കില്ലെന്ന് നേരത്തെയും സുപ്രീം കോടതിയുടെ വിധികളുണ്ട്.

ENGLISH SUMMARY:

Supreme Court says no criminal action can be taken for breaking up without marriage after a long relationship