• മുന്‍ മന്ത്രി ആന്‍റണി രാജു പുനരന്വേഷണം നേരിടണമെന്ന് സുപ്രീം കോടതി
  • അന്വേഷണത്തിനെതിരായ മുന്‍ മന്ത്രി ആന്‍റണി രാജുവിന്‍റെ അപ്പീല്‍ തള്ളി
  • ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് കോടതി

തൊണ്ടിമുതല്‍ കേസില്‍ മുന്‍മന്ത്രിയും എം.എല്‍.എയുമായ ആന്‍റണി രാജു വിചാരണ നേരിടണമെന്ന് സുപ്രീം കോടതി.  പുനരന്വേഷണത്തിനെതിരായ ആന്‍റണി രാജുവിന്‍റെ അപ്പീല്‍ തള്ളിയ കോടതി ഒരു വര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ചു.  1990ലെ കേസിലാണ് 34 വര്‍ഷത്തിനുശേഷം സുപ്രീം കോടതിയുടെ നിര്‍ണായക വിധി. നീതി ന്യായ സംവിധാനത്തെ കബളിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പരമോന്നത കോടതിയില്‍നിന്ന്  ആന്‍റണി രാജുവിന് തിരിച്ചടി.  തൊണ്ടിമുതല്‍ കേസ് പുനരന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരായ  ആന്‍‌റണി രാജുവിന്‍റെ അപ്പീല്‍ സുപ്രീം കോടതി തള്ളി.  ആന്റണി രാജുവിനെതിരായ കുറ്റപത്രം റദ്ദാക്കിയ ഹൈക്കോടതി വിധിയില്‍ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടിയ സുപ്രിംകോടതി 

 

കുറ്റപത്രം പുനഃസ്ഥാപിച്ചു. പുനരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധി ശരിവെച്ചു.  എന്നാല്‍ വീണ്ടും അന്വേഷണ നടപടികള്‍ തുടങ്ങേണ്ടതില്ല. നിലവിലെ കുറ്റപത്രത്തിന്‍മേല്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും ജസ്റ്റിസുമാരായ സി.ടി.രവികുമാര്‍, സഞ്ജയ് കരോള്‍ എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു. 1990ല്‍ ലഹരി മരുന്ന് കേസില്‍ പിടിയിലായ ഓസ്‌ട്രേലിയന്‍ പൗരനെ രക്ഷപെടുത്താന്‍ അന്ന് ജൂനിയര്‍ അഭിഭാഷകനായിരുന്ന ആന്‍റണി രാജു തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയെന്നാണ് കേസ്.  ലഹരിമരുന്ന് കടത്തിയ അടിവസ്ത്രം കോടതിയില്‍നിന്നെടുത്ത് വെട്ടിതയ്ച്ച് പ്രതിക്ക് പാകമാകാത്തവിധം തിരികെവച്ചെന്നാണ് കുറ്റപത്രം.  തൊണ്ടി സെക്ഷന്‍ ക്ലര്‍ക്ക് കെ.എസ്.ജോസ് കൂട്ടുപ്രതിയാണ്.  2006ല്‍ ആന്‍റണി രാജുവിനെതിരെ കുറ്റപത്രം നല്‍കിയെങ്കിലും വിചാരണ നടന്നില്ല. 

 

2022ലാണ് കേസ്  വീണ്ടും ചര്‍ച്ചയായതും നടപടികള്‍ തുടങ്ങിയതും.  മന്ത്രിയായിരിക്കെ ആന്‍റണി രാജുവിനെതിരെ സുപ്രീം കോടതിയില്‍ കൃത്യമായ നിലപാടെടുക്കാത്തതിന് സര്‍ക്കാര്‍ വിമര്‍ശനവും നേരിട്ടിരുന്നു. പിന്നീട് ആന്‍റണി രാജുവിനെതിരെ തെളിവുണ്ടെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി.  കേസ് വൈകിപ്പിക്കുന്നതിനെതിരെ നേരത്തെ ജസ്റ്റിസ് സി.ടി.രവികുമാറിന്‍റെ രൂക്ഷമായ പ്രതികരണവുമുണ്ടായി.  

കേസിന്‍റെ നാള്‍വഴി 

1990ല്‍ ലഹരിമരുന്നുമായി തിരുവനന്തപുരത്ത് പിടിയിലായ ഓസ്ട്രേലിയന്‍ പൗരനെ രക്ഷിക്കാന്‍ തൊണ്ടിമുതലില്‍ തിരിമറി 

അടിവസ്ത്രം വെട്ടിതയ്ച്ചു ചെറുതാക്കി കോടതിയില്‍ തിരികെവച്ചു 

തൊണ്ടി സെക്ഷന്‍ ക്ലര്‍ക്ക് കെ.എസ്.ജോസ് കൂട്ടുപ്രതി 

2006ല്‍ ആന്‍റണി രാജുവിനെതിരെ കുറ്റപത്രം നല്‍കിയെങ്കിലും വിചാരണ നടന്നില്ല 

വീണ്ടും ചര്‍ച്ചയായതും നടപടികള്‍ തുടങ്ങിയതും 16 വര്‍ഷത്തിനുശേഷം 2022ല്‍ 

കേസിനെതിരെ സാങ്കേതിക പ്രശ്നങ്ങളുന്നയിച്ച്  ആന്‍റണി രാജു ഹൈക്കോടതിയില്‍

2023 മാര്‍ച്ച് 10ന് വീണ്ടും അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ് 

പുനരന്വേഷണത്തിനെതിരെ ആന്‍റണി രാജു സുപ്രീം കോടതിയില്‍ 

കൃത്യമായ നിലപാടെടുക്കാത്ത സര്‍ക്കാരിനെതിരെ സുപ്രീം കോടതിയുടെ വിമര്‍ശനം 

തെളിവുണ്ടെന്ന് സര്‍ക്കാരിന്‍റെ സത്യവാങ്മൂലം 

കേസ് വൈകിപ്പിക്കുന്നതിനെതിരെ ജസ്റ്റിസ് സി.ടി.രവികുമാര്‍ 

ENGLISH SUMMARY:

Setback for Antony Raju from supreme court on evidence tampering case