മണിപ്പുരിൽ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും വീടുകൾ ആക്രമിച്ച കേസിൽ ഏഴുപേർ അറസ്റ്റിൽ. നിലവിൽ സംഘർഷത്തിന് അയവുണ്ട്. അതിനിടെ കലാപത്തെ ചൊല്ലി ബി.ജെ.പി- കോൺഗ്രസ് വാക്പോര് ശക്തമാകുകയാണ്.
ജിരിബാം കൂട്ടക്കൊലയ്ക്ക് പിന്നാലെ കഴിഞ്ഞ ശനിയാഴ്ചയാണ് മൂന്ന് മന്ത്രിമാരുടെയും ആറ് എം.എല്‍.എമാരുടെയും വസതികള്‍ അക്രമിക്കപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനിടെ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായാണ് ഏഴു പേർ അറസ്റ്റിലായത്. കലാപത്തില്‍ രാഷ്ട്രപതിയുടെ ഇടപെടല്‍ തേടിയ കോണ്‍ഗ്രസിന് മറുപടിയുമായി ബി.ജെ.പി. രംഗത്തെത്തി. മുന്‍പ് ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ തീവ്രവാദികൾക്ക് നുഴഞ്ഞുകയറാൻ അവസരമൊരുക്കിയെന്നും ഈ തീവ്രവാദികളാണ് കലാപത്തിന് പിന്നിലെന്നും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് അയച്ച കത്തിൽ ജെ.പി. നഡ്ഡ കുറ്റപ്പെടുത്തി.
കത്തിലുള്ളത് നുണകള്‍ മാത്രമാണെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു. പ്രധാനമന്ത്രി എപ്പോൾ മണിപ്പുർ സന്ദർശിക്കുമെന്നും എന്തുകൊണ്ട് മുഖ്യമന്ത്രിയെ മാറ്റുന്നില്ലെന്നും ജയ്റാം രമേശ് ചോദിച്ചു. ഇതിനിടെ മുഖ്യമന്ത്രി വിളിക്കുന്ന യോഗങ്ങളില്‍ പങ്കെടുക്കരുതെന്ന് അംഗങ്ങള്‍ക്ക് എന്‍പിപി നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം ബിരേൻ സിങ് സർക്കാരിനുള്ള പിന്തുണ എന്‍പിപി പിൻവലിച്ചിരുന്നു.