പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍.എന്‍.പിള്ള (100) അന്തരിച്ചു. ഡല്‍ഹിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസ്കാരം മറ്റന്നാള്‍.
വൈക്കം ടിവി പുരത്തിനടുത്ത മൂത്തേടത്തുകാവെന്ന ചെറുഗ്രാമത്തിൽ പി. നാരായണപിള്ളയുടെയും പാപ്പിക്കുട്ടിയമ്മയുടെയും ഇളയമകനായി 1924 ഫെബ്രുവരി ഒന്നിനാണു ഓംചേരി എൻ.എൻ. പിള്ളയുടെ ജനനം. 73 വർഷം മുൻപ് യുപിഎസ്‌സി പരീക്ഷ എഴുതാൻ എത്തിയ അദ്ദേഹം ആകസ്മികമായി ഡൽഹിക്കാരനാവുകയായിരുന്നു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ പഠനത്തിനുശേഷാണ് ഡല്‍ഹിയിലെത്തിയത്. ആകാശവാണിയിൽ മലയാളം വാർത്താ വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചു. 1972ൽ പ്രളയമെന്ന നാടകത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 2010ൽ സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. ‘ആകസ്മികം’ എന്ന ഓർമക്കുറിപ്പിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.
വീട്ടിലെ ഭിത്തി മുഴുവൻ അലങ്കരിച്ചുവച്ചിരുന്ന ചിത്രങ്ങളാണു തന്‍റെ ലോകം വലുതാക്കിയതെന്നു ഓംചേരി പറഞ്ഞിട്ടുണ്ട്. ശ്രീരാമകൃഷ്ണനും വിവേകാനന്ദനുമായിരുന്നു ചിത്രങ്ങളില്‍ ഏറ്റവും മുകളിൽ. അടുത്ത നിരയില്‍ മഹാത്മാഗാന്ധി, നെഹ്‌റു, ഗോഖലെ, സി.എഫ്.ആൻഡ്രൂസ്, കലമാദേവി ചതോപാധ്യായ തുടങ്ങിയവർ. സ്വാതന്ത്ര്യസമരകഥകളും ചരിത്രവുമെല്ലാം അങ്ങനെ ആ ചിത്രങ്ങളിലൂടെ അദ്ദേഹത്തിലേക്കെത്തി. വൈക്കം ഇംഗ്ലിഷ് ഹൈസ്‌കൂളിലെ പഠനത്തിനു ശേഷം ആഗമാനന്ദ സ്വാമികളുടെ ആലുവയിലെ അദ്വൈതാശ്രമത്തിൽ താമസിച്ചു രണ്ടു വർഷം സംസ്‌കൃതവും വേദവും പുരാണ ഇതിഹാസങ്ങളും പഠിച്ചു. കോട്ടയം സിഎംഎസ് കോളജിലെ ഇന്റർമീഡിയറ്റ് പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ നിന്നാണ് ഇസ്‌ലാമിക് ചരിത്രവും സംസ്‌കാരവും എന്ന വിഷയത്തിൽ ബിരുദമെടുക്കുന്നത്.