ഹിന്ദി ഭാഷ പഠിക്കുന്നതിനെ ചൊല്ലിയുള്ള വിവാദം കാലാകാലങ്ങളായി ഇന്ത്യയിലുള്ളതാണ്. ഉത്തരേന്ത്യയില്‍ ചെല്ലുന്ന മറ്റ് സംസ്ഥാനക്കാരെ ഹിന്ദി പറയാന്‍ നിര്‍ബന്ധിക്കുന്ന വിഡിയോകളും പലപ്പോഴും സേഷ്യല്‍ മീഡിയില്‍ വൈറലാവാറുണ്ട്. ഇത്തരത്തിലൊരു പുതിയ വിഡിയോ വീണ്ടും സോഷ്യലിടത്തെ ചൂട് പിടിക്കുകയാണ്.
ബംഗാളിലെ മെട്രോയില്‍ കയറിയ യുവതി പ്രാദേശികരായ ആളുകളോട് ഹിന്ദി സംസാരിക്കാന്‍ ആവശ്യപ്പെടുന്ന വിഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്. തര്‍ക്കം ചൂടുപിടിച്ചതിനെ തുടര്‍ന്ന് മെട്രോ യാത്രക്കാര്‍ യുവതിയോട് ചൂടാകുന്നതും വിഡിയോയില്‍ കാണാം.
'നിങ്ങള്‍ ബംഗ്ലാദേശിലല്ല, ഇന്ത്യയിലാണ്. വെസ്റ്റ് ബംഗാള്‍ ഇന്ത്യയുടെ ഭാഗമാണ്. നിങ്ങള്‍ ഹിന്ദി പഠിക്കണം,' എന്നാണ് യുവതി പറയുന്നത്. ഇത് റെക്കോര്‍ഡ് ചെയ്തുകൊണ്ടിരുന്ന സ്ത്രീ പ്രകോപിതയായതിനെതുടര്‍ന്ന് താന്‍ വെസ്റ്റ് ബംഗാളിലാണ് ജീവിക്കുന്നതെന്നും, നിങ്ങളുടെ സ്ഥലത്തല്ലെന്നുമാണ് മറുപടി നല്‍കിയത്. 'ഈ മെട്രോ നിങ്ങളുടേതല്ല, വെസ്റ്റ് ബംഗാള്‍ നിങ്ങളുടേതല്ല, വെസ്റ്റ് ബംഗാള്‍ എന്‍റേതാണ്. ഈ മെട്രോ എന്‍റേതാണ്. ഞാന്‍ കൂടി കൊടുത്ത നികുതിയില്‍ നിന്നുമാണ് ഈ മെട്രോ നിര്‍മിച്ചത്, നിങ്ങളുടെ പണം കൊണ്ടല്ല,' എന്നും സ്ത്രീ പറഞ്ഞു.
ഇന്ത്യയുടെ ഭാഷ ഹിന്ദി ആണെന്നും തന്‍റെ അനുവാദമില്ലാത വിഡിയോ പകര്‍ത്തിയതിന് യുവതിക്കെതിരെ കേസ് കൊടുക്കുമെന്നുമാണ് ഇതിനു മറുപടിയായി യുവതി പറഞ്ഞത്.
വിഡിയോ വൈറലായതിനെ തുടര്‍ന്ന് യുവതിക്കെതിരെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. ഇന്ത്യക്ക് ഒരു ദേശീയ ഭാഷ ഇല്ലെന്നും മറ്റ് ഭാഷകളെ അപമാനിക്കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടാണ് ഡോക്ടര്‍ അഭിനപ പാല്‍ വിഡിയോ എക്സില്‍ പങ്കുവച്ചത്. ബംഗാളി പറയണമെങ്കില്‍ ബംഗ്ലാദേശിലേക്ക് പോകണമെന്ന് പറയുന്ന യുവാവിന്‍റെ വിഡിയോയും ഇതിനൊപ്പം അഭിനപ പാല്‍ പങ്കുവച്ചിട്ടുണ്ട്.