TOPICS COVERED

പാര്‍ലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനം നാളെ  മുതല്‍. വഖഫ് നിയമഭേദഗതി ബില്ലടക്കം പതിനഞ്ച് പ്രധാന ബില്ലുകള്‍ ഈ സമ്മേളനത്തില്‍ അവതരിപ്പിക്കും. വഖഫും മണിപ്പൂരും പിന്നെ അദാനിയും സഭയെ പ്രക്ഷുബ്ധമാക്കും.

പുക മഞ്ഞില്‍ മൂടി നില്‍ക്കുന്ന പാര്‍ലമെന്‍റ് മന്ദിരത്തിലേക്കാവും പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവുമടക്കം അംഗങ്ങളെത്തുക . പുറത്ത് തണുിപ്പെങ്കിലും അകത്ത് ചൂടിന് കുറവുണ്ടാവില്ല. വിഷയങ്ങള്‍ ഒട്ടനവധി. സംയുക്ത പാർലമെന്ററി സമിതിയുടെ പരിഗണനയിലുള്ള വഖഫ് ബില്ലിൽ ഈ വരുന്ന വെള്ളിയാഴ്ച റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. റിപ്പോര്‌‍ട്ടിന്‍റെ കരട് തയാറാണെന്ന് ജെപിസി അധ്യക്ഷന്‍ ജഗദംബിക പാല്‍ പറഞ്ഞു. എന്നാല്‍ ബില്ല് പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. മുനമ്പം വിഷയം ഭരണകക്ഷി ഉയര്‍ത്തിക്കാട്ടുമെന്നുറപ്പ്. കഴിഞ്ഞ സമ്മേളനത്തില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്താന്‍ ശ്രമം നടന്ന മണിപ്പൂര്‍ ഇപ്പോഴും കത്തുകയാണ്. രാഹുല്‍ ഗാന്ധിയുടെ ഇഷ്ടവിഷയമായ അദാനി അഴിമതിയും ഇക്കുറി പ്രതിപക്ഷം ചര്‍ച്ചയാക്കും. വയനാടിനുള്ള കേന്ദ്രസഹായം ഇരുസഭകളിലും ഉന്നയിക്കാനാണ് കേരളത്തില്‍ നിന്നുള്ള എംപിമാരുടെ നീക്കം. കോ ഓപ്പറേറ്റീവ് യൂണിവേഴ്സിറ്റി ബിൽ, മർച്ചന്റ് ഷിപ്പിങ് ബിൽ, കോസ്റ്റൽ ഷിപ്പിങ് ബിൽ, ഇന്ത്യൻ പോ‍ർട്സ് ബില്‍ തുടങ്ങിയവയും ശൈത്യകാല സമ്മേളനം പരിഗണിക്കും.

ENGLISH SUMMARY:

The winter session of Parliament begins tomorrow. Fifteen key bills, including the Waqf Amendment Bill, will be introduced during this session.