ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് രൂപപ്പെടുമെന്ന് കരുതുന്ന ചുഴലിക്കാറ്റിന്‍റെ   പശ്ചാത്തലത്തില്‍ തമിഴ്നാട്, പുതുച്ചേരി, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ തീവ്രമഴ മുന്നറിയിപ്പ്. തമിഴ്നാട്ടിലെ നാല് ജില്ലകളിലും കാരയ്ക്കലും  റെ‍ഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കടലൂര്‍, മയിലാട്തുറെ, നാഗപട്ടണം, തിരുവാരൂര്‍ എന്നവിടങ്ങളിലാണ് റെഡ് അലര്‍ട്ട്. ചെന്നൈ അടക്കം എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും നിലവിലുണ്ട്. മഴയെ തുടര്‍ന്ന് ഒന്‍പത് ജില്ലകളില്‍ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി നല്‍കി. 

ബംഗാള്‍ ഉള്‍ക്കടലിലെ തീവ്രന്യൂനമര്‍ദം ഇന്ന് രാത്രിയോടെ ഫെംഗല്‍ ചുഴലിക്കാറ്റായി മാറിയേക്കും.  കടലൂര്‍, മയിലാട്തുറെ,  തഞ്ചാവൂര്‍ തുടങ്ങിയ ഇടങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാണ്. ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ട്. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.  കടലൂര്‍, മയിലാട്തുറെ എന്നിവിടങ്ങളിലേക്ക് എന്‍.ഡി.ആര്‍.എഫ് സംഘങ്ങളെ അയച്ചിട്ടുണ്ട്. ഈ മാസം 30 വരെ തമിഴ്നാട്ടില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ആവശ്യത്തിനു ദുരിതാശ്വാസ ക്യാംപുകൾ ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു. ഉന്നതതല യോഗത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാനും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.ചെന്നൈ തീരത്ത് നിന്ന് ഏകദേശം 670 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന  ന്യൂനമർദം തമിഴ്‌നാട്ടിലേക്ക് നീങ്ങി ഫെംഗൽ ചുഴലിക്കാറ്റായി മാറി ശ്രീലങ്കന്‍ തീരം വഴി തമിഴ്‌നാട് തീരത്തേയ്ക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിക്കുന്നത്.

ഇതിന്‍റെ സ്വാധീനഫലമായി സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ കണക്കുകൂട്ടല്‍. കേരളത്തില്‍ അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാധ്യതയുണ്ട്. മുൻകരുതലിന്‍റെ ഭാഗമായി ഇടുക്കി, പാലക്കാട്‌, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ENGLISH SUMMARY:

In the backdrop of the expected formation of a cyclone in the Bay of Bengal today, a red alert has been issued for heavy rainfall in Tamil Nadu, Puducherry, and Andhra Pradesh. A red alert has been declared in four districts of Tamil Nadu, as well as in Karaikal. The districts of Cuddalore, Mayiladuthurai, Nagapattinam, and Thiruvarur are under red alert due to the cyclone's potential impact.