പണി പൂര്‍ത്തിയാകാത്ത പാലത്തിലൂടെ യാത്രക്ക് നിര്‍ദേശം നല്‍കി കാര്‍ യാത്രികരുടെ മരണത്തിനിടയാക്കിയ ഗൂഗിള്‍ മാപ്പിനെതിരെ ഇന്ത്യയില്‍ അന്വേഷണം. കഴിഞ്ഞ ഞായറാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഉത്തര്‍പ്രദേശില്‍ ഒരു വിവാഹച്ചടങ്ങിനായി പോകുന്ന സംഘമാണ് ഗൂഗിള്‍ മാപ്പിട്ട് യാത്ര നടത്തിയത്. ഒടുവില്‍ പാതിമുറിഞ്ഞ പാലത്തില്‍ നിന്നും രാംഗംഗ നദിയിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. ഇതുമായി ബന്ധപ്പെട്ട കേസിലാണ് ഗൂഗിള്‍ മാപ്പ് അന്വേഷണം നേരിടേണ്ടിവരിക.
ഇന്ത്യയിലെ അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ഗൂഗിള്‍ മാപ്പ് അധികൃതര്‍ വ്യക്തമാക്കി. മൂന്നുപേരുടെ മരണം തീര്‍ത്തും വേദനാജനകമാണെന്നും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നും ഗൂഗിള്‍ പറയുന്നു. ഗൂഗിള്‍ മാപ്പിന്‍റെ നിര്‍ദേശപ്രകാരമായിരുന്നു കാര്‍ യാത്രികര്‍ ആ പാലത്തില്‍ കയറിയത്.എന്നാല്‍ പാലം പാതിയേ ഉള്ളൂ എന്നുബോധ്യപ്പെടും മുന്‍പേ കാര്‍ രാംഗംഗയിലേക്ക് വീഴുകയായിരുന്നു. കാര്‍ യാത്രികരായിരുന്ന മൂന്ന്പേരാണ് അപകടത്തില്‍ മരിച്ചത്. പിടിഐ റിപ്പോര്‍ട്ട് പ്രകാരം ഗൂഗിള്‍ നാവിഗേഷന്‍ ആപിലെ പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനേയും ഒപ്പം പൊതുമരാമത്ത് ഉദ്യോഗസ്ഥരേയും പൊലീസ് ചോദ്യം ചെയ്തതായാണ് വിവരം. മരിച്ചവരുടെ കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുന്നെന്നും ഇന്ത്യന്‍ അന്വേഷണവുമായി ഏതറ്റം വരെയും സഹകരിക്കുമെന്നും ഗൂഗിള്‍ എഎഫ്പിക്കയച്ച ഇമെയിലിലൂടെ വ്യക്തമാക്കി.
കഴിഞ്ഞ പ്രളയത്തില്‍ പാലത്തിന്‍റെ ഒരു ഭാഗം നശിച്ചുപോയതായി നാട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് പാലംപണി പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. പാലം മുറിഞ്ഞുപോയ വിവരം പക്ഷേ ഗൂഗിള്‍ അറിഞ്ഞില്ല. അങ്ങനെയാണ് കാര്‍ യാത്രികര്‍ക്ക് അപകടം സംഭവിച്ചത്. കേരളത്തിലും സമാനമായ അപകടത്തിലൂടെ കഴിഞ്ഞവര്‍ഷം രണ്ടുപേര്‍ മരിച്ചിരുന്നു. അന്ന് ഗൂഗിള്‍ മാപ്പ് നിര്‍ദേശപ്രകാരം സഞ്ചരിച്ച യാത്രികര്‍ക്ക് പെരിയാറിലേക്ക് വീണാണ് അപകടം സംഭവിച്ചത്.