Image: x.com/SingaporeAir

പാര്‍ക്കിങ് ബേയില്‍ നിര്‍ത്തിയിട്ട വിമാനം പിന്നിലേക്ക് നീങ്ങി എയര്‍ഹോസ്റ്റസിന് പരുക്ക്. ന്യൂഡല്‍ഹിയിലെ ഇന്ദിരഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. സിംഗപ്പുര്‍ എയര്‍ലൈന്‍സിന്‍റെ എയര്‍ബസ് എ380 ആണ് പൈലറ്റുമാര്‍ പാര്‍ക്കിങ് ബ്രേക്ക് ഇടാന്‍ മറന്നുപോയതിനെ തുടര്‍ന്ന് തെന്നി നീങ്ങിയത്. അബദ്ധം തിരിച്ചറിഞ്ഞ പൈലറ്റ് ഉടന്‍ തന്നെ ബ്രേക്കിട്ടതിനാല്‍ അപകടം ഒഴിവായി.

നവംബര്‍ 25ന് രാത്രി എട്ടുമണിയോടെയാണ് സംഭവം. സിംഗപ്പുരില്‍ നിന്നും ന്യൂഡല്‍ഹിയിലേക്ക് എത്തിയ വിമാനമായിരുന്നു ഇത്. തെന്നി നീങ്ങിയ വിമാനം തിരികെ പാര്‍ക്കിങ് ബേയില്‍ പൈലറ്റുമാര്‍ എത്തിക്കുകയും അധികൃതരെ വിവരമറിയിക്കുകയുമായിരുന്നു. യാത്രക്കാര്‍ക്ക് ആര്‍ക്കും പരുക്കില്ലെന്നും വിമാനത്തിലെ എയര്‍ഹോസ്റ്റസിനാണ് നേരിയ പരുക്കേറ്റതെന്നും സിംഗപ്പുര്‍ എയര്‍ലൈന്‍സ് അറിയിച്ചു. തീര്‍ത്തും അവിചാരിതമായാണ് ഇത് സംഭവിച്ചതെന്നും ഖേദിക്കുന്നുവെന്നും കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി.

സാധാരണയായി വിമാനം പാര്‍ക്കിങ് ബേയില്‍ എത്തിച്ചാല്‍ പാര്‍ക്കിങ് ബ്രേക്കിടുകയും പിന്നീട് എഞ്ചിന്‍ ഓഫാക്കുകയുമാണ് ചെയ്യുക. അതിന് ശേഷം എഞ്ചിനീയറിങ് സ്റ്റാഫുകള്‍ എയര്‍ക്രാഫ്റ്റ് ചോക്ക് (വിമാനത്തിന്‍റെ വീലിന് മുന്നിലും പിന്നിലുമായി ത്രികോണാകൃതിയിലുള്ള കട്ട) വലിച്ചിടും . പിന്നീടാണ് പാര്‍ക്കിങ് ബ്രേക്കുകള്‍ എടുക്കുന്നത്. ഇവിടെ പാര്‍ക്കിങ് ബ്രേക്കിടാതിരുന്നതിനെ തുടര്‍ന്ന് എഞ്ചിന്‍ ഓഫായതിന് പിന്നാലെ വിമാനം തെന്നി നീങ്ങുകയായിരുന്നുവെന്ന് മുതിര്‍ന്ന പൈലറ്റുമാര്‍ വിശദീകരിച്ചു.

ENGLISH SUMMARY:

A Singapore Airlines Airbus A380 rolled back at Delhi Airport after docking at the parking bay, as the pilots reportedly forgot to apply the parking brake