പ്രതീകാത്മക ചിത്രം

ഡ്യൂട്ടി സമയം കഴിഞ്ഞെന്ന് പറഞ്ഞ് യാത്ര പൂർത്തിയാകും മുൻപ് പൈലറ്റുമാര്‍ ഇറങ്ങിപ്പോയി. ഇതോടെ യാത്രക്കാര്‍ വെട്ടിലായി. പാരിസ്– ന്യൂഡല്‍ഹി എയര്‍ ഇന്ത്യ വിമാനമാണ് ജയ്പുരില്‍ യാത്ര അവസാനിപ്പിച്ചത്. യാത്രക്കാര്‍ ബഹളം വച്ചതോടെ ഇവരെ ബസിൽ ഡല്‍ഹിയിലെത്തിച്ചു. സംഭവത്തില്‍ എയര്‍ ഇന്ത്യ  പ്രതികരിച്ചിട്ടില്ല.

എഐ–2022 വിമാനത്തിലാണ് സംഭവം. പാരിസില്‍ നിന്ന് ഞായറാഴ്ച രാത്രി 10 മണിക്ക് പുറപ്പെട്ട വിമാനം തിങ്കളാഴ്ച രാവിലെ 10.30ന് ഡല്‍ഹിയില്‍ എത്തിച്ചേരേണ്ടതായിരുന്നു. എന്നാല്‍ ഡല്‍ഹിയിലെ പുകനിറഞ്ഞ ആകാശം കാരണം വിമാനം ജയ്പൂരിലേക്ക് തിരിച്ചു വിട്ടു. ഇത്തരത്തിലുള്ള കാലാവസ്ഥയില്‍ വിമാനം ലാന്‍ഡ് ചെയ്യിക്കാന്‍ ആവശ്യമായ അനുഭവസമ്പത്തുള്ള പൈലറ്റുമാര്‍ വിമാനത്തിലുണ്ടായിരുന്നില്ല എന്നതുമായിരുന്നു പ്രധാന കാരണം.

എന്നാല്‍ ജയ്പൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് യാത്രക്കാരെ എത്തിക്കാന്‍ വേണ്ട നടപടികള്‍ എയര്‍ ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായില്ല. ഡ്യൂട്ടി സമയം കഴിഞ്ഞുവെന്നു പറഞ്ഞ് പൈലറ്റുമാര്‍ ഇറങ്ങിപ്പോയി. പകരം വിമാനം ഷെഡ്യൂള്‍ ചെയ്തതുമില്ല. ഇതോടെ വിമാനക്കമ്പനിക്കെതിരെ യാത്രക്കാര്‍ പ്രതിഷേധിച്ചു.

സമൂഹമാധ്യമങ്ങളിലും വിഷയം വലിയ ചര്‍ച്ചയാണ്. ഏറ്റവും മോശം വിമാന സര്‍വീസ് എന്നാണ് എയര്‍ ഇന്ത്യയെ ടാഗ് ചെയ്ത് പലരും കുറിച്ചിരിക്കുന്നത്. അഞ്ചു മണിക്കൂറോളം വിമാനത്തില്‍ കാത്തിരുന്ന ശേഷമാണ് ജയ്പൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് ബസ്സെങ്കിലും കിട്ടിയതെന്ന് ഒരാള്‍ പറയുന്നു. ഭാര്യയും രണ്ടുമാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞുമായി താന്‍ വിമാനത്തിനുള്ളില്‍ പെട്ടുപോയി എന്നാണ് വിശാല്‍ പി. എന്ന എക്സ് പ്രൊഫൈലിൽ കുറിച്ചിരിക്കുന്നത്.

ENGLISH SUMMARY:

The diversion of a Paris-New Delhi Air India flight to Jaipur and the pilots' refusal to fly further after completing their duty hours sparked chaos as several passengers were left stranded for many hours and ultimately sent to the national capital by road.