വയനാട്ടില്‍ നിന്നുള്ള ലോക്സഭാംഗമായി പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു. കേരള സാരിയുടുത്തെത്തിയ പ്രിയങ്ക ഭരണഘടന ഉയര്‍ത്തിപ്പിടിച്ചാണ് സത്യവാചകം ചൊല്ലിയത്. പിന്നാലെ അദാനി വിഷയത്തിലെ പ്രതിപക്ഷ പ്രതിഷേധത്തിന്‍റെ ഭാഗമായി.
ലോക്സഭ ചേര്‍ന്നയുടന്‍ ആദ്യം പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ. കേരള സാരിയുടുത്തെത്തിയ പ്രിയങ്ക ഭരണഘടന കയ്യില്‍ ഉയര്‍ത്തിപ്പിടിച്ച് സത്യവാചകം ചൊല്ലി. പിന്നെ സഹോദരന്‍ രാഹുല്‍ ഗാന്ധിയെ ആലിംഗനം ചെയ്തു. സാക്ഷികളായി സന്ദര്‍ശക ഗാലറിയില്‍ അമ്മ സോണിയാ ഗാന്ധി, ഭര്‍ത്താവ് റോബര്‍ട്ട് വാധ്ര, മക്കളായ റൈഹാന്‍, മിറായ എന്നിവരും മല്ലികാര്‍ജുന്‍ ഖര്‍ഗെ അടക്കം കോണ്‍ഗ്രസ് നേതാക്കളും. ഏറെ സന്തോഷവും അഭിമാനവുമെന്ന് സോണിയ ഗാന്ധിയുടെ പ്രതികരണം
രാവിലെ 10 മണിയോടെ വീട്ടില്‍നിന്നിറങ്ങിയ പ്രിയങ്ക നേരെ പോയത് സോണിയാ ഗാന്ധിയുടെ വസതിയായ 10 ജന്‍പഥിലേക്ക്. അവിടെനിന്ന് സോണിയയ്ക്കൊപ്പം ഒരേ കാറില്‍ പാര്‍ലമെന്‍റിലേക്ക്. ലോക്‌സഭാ കവാടത്തില്‍ കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ ബൊക്കെ നല്‍കി ആനയിച്ചു. ഏറെ സന്തോഷമുള്ള ദിവസമെന്ന് സഭയിലേക്ക് പ്രവേശിക്കും മുന്‍പ് പ്രിയങ്ക പറഞ്ഞു.
പിന്നാലെ അദാനിവിഷയമുര്‍ത്തി പ്രതിപക്ഷ പ്രതിഷേധത്തില്‍ പങ്കാളിയായി. മഹാരാഷ്ട്രയിലെ നന്ദേഡ് ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച രവീന്ദ്ര വസന്തറാവു ചവാനും സത്യപ്രതിജ്ഞ ചെയ്തു.