മുംബൈയില്‍ 25 കാരിയായ എയർ ഇന്ത്യ പൈലറ്റിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം. എയര്‍ ഇന്ത്യയില്‍ പൈലറ്റായിരുന്ന സൃഷ്ടി തുലി എന്ന ഇരുപത്തിയഞ്ചുകാരിയെയാണ് മുബൈയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ മരണവാര്‍ത്ത കുടുംബം അറിയുന്നതിന് പതിനഞ്ചു മിനിറ്റ് മുന്‍പേ അമ്മയോടും അമ്മായിയോടും സൃഷ്ടി സംസാരിച്ചതായാണ് കുടുംബം പറയുന്നത്. സൃഷ്ടി ആത്മഹത്യ ചെയ്തതാണെന്ന് തള്ളിയ കുടുംബം കാമുകൻ ആദിത്യ പണ്ഡിറ്റ് സൃഷ്ടിയെ ഉപദ്രവിച്ചെന്നും കൊലപ്പെടുത്തിയതാണെന്നും ആരോപിക്കുന്നുണ്ട്.
‘പൊലീസ് പറയുന്നത് അവൾ ആത്മഹത്യ ചെയ്തു എന്നാണ്. എന്നാല്‍ അവളെ ആത്മഹത്യയിലേക്ക് നയിച്ചത് എന്താണ്? അവൾ സന്തോഷത്തോടെയാണ് അമ്മയോടും അമ്മായിയോടും സംസാരിച്ചത്. 15 മിനിറ്റിനുശേഷം അവൾ മരിച്ചു. ഇത് എങ്ങനെ സംഭവിച്ചു? അവൻ അവളോട് എന്താണ് പറഞ്ഞത്? അവൻ എന്താണ് ചെയ്തത്? പൊലീസ് ഇത് അന്വേഷിക്കണം’, സൃഷ്ടിയുടെ അമ്മാവൻ വിവേക് തുലി എൻഡിടിവിയോട് പറഞ്ഞു. സംഭവത്തില്‍ മുംബൈ പൊലീസിൽ പരാതി നൽകുകയും എഫ്ഐആർ റജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്.
‘അവൾ ആത്മഹത്യ ചെയ്താണ് മരിച്ചതെന്ന് അവർ പറയുന്നു, പക്ഷേ ഞാൻ അത് വിശ്വസിക്കുന്നില്ല. ആസൂത്രിത കൊലപാതകമാണിത്. അവൾ ശക്തയായിരുന്നു, അല്ലെങ്കിൽ അവൾ പൈലറ്റ് ആകില്ല. ആദിത്യ അവൾക്കൊപ്പം പരിശീലനം ആരംഭിച്ചെങ്കിലും കോഴ്സ് പൂർത്തിയാക്കിയിരുന്നില്ല, അതില്‍ അവന് അസൂയയുണ്ടായിരുന്നു അവളെ ശല്യപ്പെടുത്തുകയും ചെയ്തിരുന്നു’. സൃഷ്ടിയിൽ നിന്ന് ആദിത്യ പണം തട്ടിയെന്നും വിവേക് ആരോപിച്ചു.
‘ഞങ്ങൾക്ക് ഇതുവരെ അവളുടെ ഒരു മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്‍റ് മാത്രമേ പരിശോധിക്കാൻ കഴിഞ്ഞിട്ടുള്ളൂ. ദീപാവലിക്ക് ഏകദേശം 65,000 രൂപ അവന്‍റെ കുടുംബാംഗങ്ങൾക്ക് അവള്‍ നല്‍കിയിട്ടുണ്ട്. അവൻ അവളെ ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നു. ഒരുപക്ഷേ പണം നല്‍കില്ലെന്ന് പറഞ്ഞതായിരിക്കാം അവളുടെ മരണത്തിലേക്ക് നയിച്ചത്’. താൻ നേരിടുന്ന പീഡനങ്ങളൊന്നും സൃഷ്ടി തന്‍റെ വീട്ടുകാരോട് പറഞ്ഞിട്ടില്ലെന്നും വിവേക് പറഞ്ഞു.
‘അവൾ അവളുടെ സഹോദരിയോട് എല്ലാം പറയാറുണ്ട്. എന്നാൽ അവളുടെ സുഹൃത്തുക്കളാണ് അവൻ അവളെ എത്രത്തോളം ഉപദ്രവിച്ചുവെന്ന് എന്നോട് പറഞ്ഞത്. പരസ്യമായി അവള്‍ക്കുനേരെ ആക്രോശിച്ചിട്ടുണ്ട്. അവൻ അവളെ കാറിൽ നിന്ന് ഇറക്കിവിട്ട സമയങ്ങളുണ്ട്’ അദ്ദേഹം പറഞ്ഞു. സൃഷ്ടിയുടെ മരണത്തിൽ മറ്റൊരു വനിതാ പൈലറ്റിനും പങ്കുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ‘അവിടെ മറ്റൊരു സ്ത്രീ ഉണ്ടായിരുന്നു. അവനും അവരും ചേര്‍ന്നാണ് സൃഷ്ടിയെ ആശുപത്രിയിലെത്തിച്ചത്. എന്തുകൊണ്ട് പൊലീസിനെ വിളിച്ചില്ല?’ അദ്ദേഹം ചോദിക്കുന്നു.
സൃഷ്ടിയുടെ മരണത്തെ തുടര്‍ന്ന് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ആദിത്യയെ അറസ്റ്റ് ചെയ്തിട്ടുള്ളത്. സൃഷ്ടി തന്നെ വിളിച്ച് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയപ്പോളാണ് ഫരീദാബാദിലെത്തിയതെന്ന് ആദിത്യ ചോദ്യം ചെയ്യലില്‍ പറയുന്നു. ഫ്ലാറ്റില്‍ എത്തിയപ്പോള്‍ വാതിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. ആദിത്യയും മറ്റൊരു വനിതാ പൈലറ്റും ചേർന്നാണ് വാതിൽ തുറന്നത്. കഴുത്തിൽ ഡാറ്റ കേബിൾ ചുറ്റിയ നിലയിലാണ് സൃഷ്ടിയെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. അതേസമയം, ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല.
രണ്ട് വർഷം മുമ്പ് ഡൽഹിയിൽ കൊമേഴ്‌സ്യൽ ഫ്ലൈയിങ് കോഴ്‌സിനിടെയാണ് സൃഷ്ടി ആദിത്യയെ പരിചയപ്പെടുന്നത്. പൈലറ്റ് ലൈസൻസ് ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷമാണ് സൃഷ്ടി മുംബൈയിലേക്ക് മാറിയത്. ഡൽഹിക്കടുത്ത് ഫരീദാബാദിലാണ് ആദിത്യ താമസിച്ചിരുന്നത്. ഇയാള്‍ ഇടയ്ക്കിടെ സൃഷ്ടിയെ സന്ദർശിക്കുമായിരുന്നു. സൃഷ്ഠി മാംസാഹാരം ഉപേക്ഷിക്കമെന്ന് ആദിത്യ വാശിപിടിച്ചിരുന്നു. ഇതിന്‍റെ പേരില്‍ സൃഷ്ഠിയെ മറ്റുള്ളവരുടെ മുന്നിലിട്ട് ആദിത്യ കളിയാക്കുന്നത് പതിവായിരുന്നുവെന്ന് എഫ്.ഐ.ആറിലുണ്ട്. ആദിത്യ സൃഷ്ഠിയോട് മോശമായി പെരുമാറിയ ഒട്ടേറെ സാഹചര്യങ്ങളുണ്ട്. അതെല്ലാം സൃഷ്ഠിയെ മാനസികമായി തളര്‍ത്തിയിരുന്നവെന്നാണ് പരാതിയിലുള്ളത്.