ഫിന്‍ജല്‍ ചുഴലിക്കാറ്റ് ഇന്ന് ഉച്ചയ്ക്കുശേഷം തമിഴ്നാട്ടിലെ കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയിൽ കരതൊടും. മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ കരയിൽ പ്രവേശിക്കാനാണ് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചെന്നൈ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, തിരുവള്ളൂർ, എന്നിവിടങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് അറിയിപ്പ്. ചെന്നൈ അടക്കം ഏഴ് ജില്ലകളിലും പുതുച്ചേരിയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു ജില്ലകളിലും ശക്തമായ മഴ തുടരും. ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും അറിയിപ്പുണ്ട്.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ചെന്നൈ അടക്കം ആറു ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധിയാണ്. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപട്ട് ജില്ലകളിലെ എല്ലാ സ്‌കൂളുകൾക്കും കോളജുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഐടി കമ്പനി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തണമെന്നും നിര്‍ദേശമുണ്ടായിരുന്നു. ഉച്ചതിരിഞ്ഞ് ഈസ്റ്റ് കോസ്റ്റ് റോഡ് (ഇസിആർ), ഓള്‍ഡ് മഹാബലിപുരം റോഡ് (ഒഎംആർ) എന്നിവിടങ്ങളിലെ പൊതുഗതാഗത സംവിധാനങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കും. ബീച്ചുകളിലും അമ്യൂസ്മെന്റ് പാർക്കുകളിലും പൊതുജനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. 2299 ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്. രാഷ്ട്രപതിയുടെ തമിഴ്നാട്ടിലെ ഇന്നത്തെ പരിപാടിയും റദ്ദാക്കി.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കു സാധ്യത പ്രവചിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഡിസംബർ 1, 2 തീയതികളിൽ അതിശക്തമായ മഴയ്ക്കും, നവംബർ 30, ഡിസംബർ 3 തീയതികളിൽ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നലെ ഉച്ചയോടെയാണ് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട തീവ്രന്യൂനമര്‍ദം ഫിന്‍ജല്‍ ചുഴലിക്കാറ്റായിമാറിയത്. ആന്ധ്രാതീരത്തും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.