കാക്കനാട് ട്രാക്കോ കേബിൾ ജീവനക്കാരന്‍റെ ആത്മഹത്യയില്‍ ഗുരുതര ആരോപണങ്ങളുമായി കുടുംബവും സഹപ്രവര്‍ത്തകരും. കാളങ്ങാട്ട് റോഡ് കൈരളി നഗറില്‍ താമസിക്കുന്ന പി.ഉണ്ണിയെയാണ് ഇന്നലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാസങ്ങളായി ശമ്പളം കിട്ടാത്തതിന്റെ വിഷമത്തിലാണ് ഉണ്ണി ആത്മഹത്യ ചെയ്തത് എന്നാണ് കുടുംബവും സഹപ്രവര്‍ത്തകരും ആരോപിക്കുന്നത്.
പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിളിന്റെ ഇരുമ്പനം യൂണിറ്റിൽ വർഷങ്ങളായി പണിയെടുക്കുന്ന ഉണ്ണി അടക്കമുള്ള ജീവനക്കാര്‍ക്ക് ഒരു വര്‍ഷത്തോളമായി ശമ്പളം ലഭിച്ചിട്ട്. കൃത്യമായി പറഞ്ഞാല്‍ പതിനൊന്ന് മാസം! ഇതിന്റെ മനോവിഷമത്തിൽ ആയിരുന്നു ഉണ്ണിയെന്നാണ് കുടുംബവും സഹപ്രവര്‍ത്തകരും പറയുന്നത്. കുടുംബം നോക്കണം, മക്കളുടെ പഠനം, വിവാഹം... ഇവയ്ക്കെല്ലാം എന്തുവഴി കാണുമെന്ന ആധിയിലായിരുന്നു ഉണ്ണി. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചത്.
ട്രാക്കോ കേബിൾ ഇൻഫോപാർക്കിന് വിൽക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായിരുന്നു. ചർച്ചകൾ വിജയത്തിലെത്തിയാൽ നല്ലൊരു പാക്കേജ് അനുവദിക്കാമെന്ന് മാനേജ്മെന്റ് തൊഴിലാളികളെ അറിയിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം മാനേജ്മെന്റ് ഇത് മാറ്റിപ്പറഞ്ഞു. മരണ വിവരം അറിഞ്ഞതിന് പിന്നാലെ കാക്കനാട് ഇരുമ്പനത്തെ ട്രാക്കോ കേബിൾ യൂണിറ്റിൽ തൊഴിലാളികൾ പ്രതിഷേധം നടത്തി. പിണറായിയിലെയും തിരുവല്ലയിലെയും ട്രാക്കോ കേബിൾ യൂണിറ്റുകളിലും ശമ്പള പ്രതിസന്ധി ഉണ്ടെന്നും സർക്കാർ അവഗണന തുടരുകയാണെന്നും തൊഴിലാളികൾ ആരോപിച്ചു.