പ്രതിപക്ഷ ബഹളം മൂലം ഇന്നും പാര്‍ലമെന്‍റിന്‍റെ ഇരുസഭകള്‍ക്കും നടപടി ക്രമങ്ങളിലേക്ക് കടക്കാനായില്ല. അതേസമയം തുടര്‍ച്ചയായി സഭ തടസപ്പെടുന്നതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലെ അഭിപ്രായ ഭിന്നത ശക്തമായി. രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയില്‍ രാവിലെ ചേര്‍ന്ന ഇന്ത്യ മുന്നണി യോഗം തൃണമൂല്‍ കോണ്‍ഗ്രസ് ബഹിഷ്കരിച്ചു ഭരണഘടനയെക്കുറിച്ച് ലോക്സഭയിൽ ചർച്ച അനുവദിച്ചാൽ  സഹകരിക്കാമെന്നാണ് കോണ്‍ഗ്രസ് നിലപാട്.  ചര്‍ച്ച സര്‍ക്കാര്‍ അനുവദിക്കുമെന്നാണ് സൂചന.

ഒരാഴ്ചത്തെ ബഹളത്തിന് ശേഷം ഇന്ന് സഭ നടപടിക്രമങ്ങളിലേക്ക് കടക്കുമെന്നായിരുന്നു സൂചനയെങ്കിലും അതുണ്ടായില്ല. ലോക്സഭ ചേര്‍ന്നയുടന്‍ അദാനിക്കും മോദിക്കുമെതിരെ മുദ്രാവാക്യവുമായി കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. സംഭാല്‍ വിഷയമുയര്‍ത്തി യുപിയില്‍ നിന്നുള്ള എം.പിമാരും പ്രതിഷേധിച്ചു. ഡിഎംകെയടക്കം ഇന്ത്യ സഖ്യകക്ഷികള്‍ പ്രതിഷേധിച്ചെങ്കിലും നടുത്തളത്തില്‍ ഇറങ്ങിയില്ല. 

Also Read; 'മാഡം തിരക്കിലാണ്'; സോണിയക്കായി കാത്തിരുന്നത് ഒരു മണിക്കൂര്‍; ദുരനുഭവം പങ്കുവെച്ച് നജ്മ ഹെപ്തുല്ല

 ഇന്ത്യ സഖ്യ നേതാക്കള്‍ സ്പീക്കറെ കണ്ട്   ഭരണഘടനയുടെ എഴുപത്തിയഞ്ചാം വാര്‍ഷികവുമായി ബന്ധപ്പെട്ട്  പ്രത്യേക ചര്‍ച്ചയ്ക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ടു.  പരിഗണിക്കാമെന്നായിരുന്നു സ്പീക്കറുടെ മറുപടി. ചര്‍ച്ച അനുവദിച്ചാല്‍ സഭാനടപടികളുമായി സഹകരിക്കുമെന്ന് കോണ്‍ഗ്രസ് ലോക്സഭകക്ഷി ഉപനേതാവ് ഗൗരവ് ഗോഗോയ് പറഞ്ഞു.  ബഹളത്തിനിടെ ലോക്സഭയിൽ മന്ത്രി സർബാനന്ദ സോനോവാൾ കോസ്റ്റൽ ഷിപ്പിങ് ബിൽ അവതരിപ്പിച്ചു.  രാജ്യസഭയില്‍ തുടക്കത്തില്‍ പ്രതിപക്ഷം സഹകരിച്ചെങ്കിലും അടിയന്തര പ്രമേയ നോട്ടിസുകള്‍ തള്ളിയതോടെ ബഹളമായി. 

അതേസമയം പാര്‍ലമെന്‍റിലെ അവസരങ്ങള്‍ ഉപയോഗിക്കണമെന്ന് സി.പി.ഐ അംഗം പി.സന്തോഷ് കുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.  പാര്‍ലമെന്‍റില്‍ സ്വീകരിക്കേണ്ട നിലപാട് ചര്‍ച്ചചെയ്യാന്‍ രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയില്‍ രാവിലെ  ഇന്ത്യ മുന്നണി യോഗം ചേര്‍ന്നെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസ് ബഹിഷ്കരിച്ചു.

ENGLISH SUMMARY:

Parliament proceedings were disrupted once again today due to opposition protests. Meanwhile, differences of opinion among opposition parties have intensified over the repeated disruptions. The Trinamool Congress boycotted a meeting of the INDIA alliance held this morning under the leadership of Rahul Gandhi. The Congress has stated that it will cooperate if a discussion on constitutional matters is allowed in the Lok Sabha.