പ്രിയങ്ക ഗാന്ധിയുടെ പാർലമെന്റ് ഡെബ്യൂ ഇങ്ങനൊരു കേരളാ വൈബിൽ ആകുമെന്ന് ആരും പ്രതീക്ഷിച്ചില്ല. കേരള സാരി അണിഞ്ഞെത്തിയ പ്രിയങ്ക ഭരണഘടന ഉയർത്തിപ്പിടിച്ചാണ് സത്യവാചകം ചൊല്ലിയത്. വലിയ ആഘോഷത്തോടെയാണ് കോൺഗ്രസ് പ്രവർത്തകർ പ്രിയങ്കയെ വരവേറ്റത്. വയനാട് ഉപതിരഞ്ഞെടുപ്പിൽ നാല് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചാണ് പ്രിയങ്ക ലോക്സഭയിലെത്തിയത്.
കാണുന്നവർക്ക് ആദ്യ നോട്ടത്തിൽ തന്നെ ഇന്ദിരാഗാന്ധിയെ ഓർമവരണം എന്ന് തീരുമാനിച്ചു വന്നതു പോലെയായിരുന്നു ആ വരവ്. സോഷ്യൽ മീഡിയയിൽ പ്രിയങ്കയുടെ കോസ്റ്റ്യൂമിനെക്കുറിച്ച് വന്ന പോസ്റ്റുകളും 'ഇന്ദിര വൈബ് ' എന്ന ടാഗിലായിരുന്നു. പാർലമെന്റിൽ പ്രദർശിപ്പിച്ചിരിക്കുന്ന കേരളാസാരി ഉടുത്ത ഇന്ദിരാഗാന്ധിയുടെ പെയിന്റിംഗിനോട് ചേർന്നുള്ള പ്രിയങ്കയുടെ ചിത്രം പുറകേ വൈറലായി.
രാജ്യത്തിന്‍റെ കൈത്തറി പൈതൃകത്തെ പ്രോത്സാഹിപ്പിക്കുന്നതിനും സ്വദേശി പ്രസ്ഥാനത്തെ ഉയർത്തി കാണിക്കുന്നതിനുമായി ഇന്ത്യൻ ബ്ലോക്ക് പ്രിൻ്റുകളും കൈത്തറി തുണിത്തരങ്ങളും ധരിച്ചിരുന്ന ഇന്ദിര ഗാന്ധിയുടെ പാതയിലാണ് പ്രിയങ്കയും. ഇന്നിവിടെ നിൽക്കുമ്പോൾ മുത്തശ്ശിയുടെ ഓർമ്മകൾ വരുന്നുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മുത്തശ്ശിയോടൊപ്പം അച്ഛനെയും ഓർക്കുന്നു എന്നായിരുന്നു മറുപടി.
തന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോട്ടൺ കൂടാതെ പോച്ചംപള്ളി, ബനാറസ്, സമ്പൽപൂർ സാരികളിൽ പ്രിയങ്കയെത്തി. വയനാട്ടിലെ നോമിനേഷനും തുടർന്ന് റോഡ് ഷോയിലും ഭാഗൽപുരി കോട്ടൺ സാരിയായിരുന്നു.
സോണിയ ഗാന്ധി അണിയുന്ന ഇളം നിറത്തിലുള്ള കൈത്തറി സാരികളിൽ നിന്ന് വ്യത്യസ്തമായി കടും നിറങ്ങളിലുള്ള ചെട്ടിനാട് സാരികളും ബംഗാൾ കോട്ടണും പ്രിയങ്കയുടെ കളക്ഷനിൽ കാണാം.
2019 ൽ സാരി പ്രേമികൾ നടത്തിയ സാരി ട്വിറ്റർ ക്യാമ്പയിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് വിവാഹദിനത്തിൽ സാരി ധരിച്ച ഒരു ത്രോബാക്ക് ചിത്രം പ്രിയങ്ക ഗാന്ധി പങ്കുവെച്ചു.സ്വർണ്ണ ബോർഡറുള്ള ബനാറസി സാരി ഉടുത്ത് വിവാഹ ചടങ്ങുകൾക്ക് ഇരിക്കുന്ന ചിത്രമായിരുന്നു അത്.
2009-ൽ, അമേഠിയിൽ നടന്ന വമ്പൻ റാലിയിൽ, പ്രിയങ്ക തന്റെ മുത്തശ്ശി ഇന്ദിരാഗാന്ധി ഉപയോഗിച്ചിരുന്ന തരം ഒറീസ സാരി ധരിച്ചാണ് എത്തിയത്.
ലോക്‌സഭാ പ്രതിനിധിയായി തന്നെ തിരഞ്ഞെടുത്ത വയനാട്ടിലെ ജനങ്ങളോടുള്ള നന്ദി പറച്ചിൽ കൂടിയായി കേരളത്തനിമയിലെ പ്രിയങ്കയുടെ എൻട്രി