അസ്റ്റിസ്റ്റന്‍റ് പൊലീസ് സൂപ്രണ്ടായി ചാര്‍ജ് എടുക്കാന്‍ പോകുന്നതിനിടെ കാര്‍ അപകടത്തില്‍പ്പെട്ട് യുവ ഐപിഎസ് ഓഫിസര്‍ക്ക് ദാരുണാന്ത്യം. കര്‍ണാടക കേഡറിലെ 2023 ബാച്ച് ഓഫിസറായ ഹര്‍ഷ് ബര്‍ദ(27)നാണ് മൈസൂരുവില്‍ നിന്ന് ഹാസനിലേക്കുള്ള യാത്രയ്ക്കിടെ അപകടത്തില്‍പ്പെട്ട് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം. ഹര്‍ഷ് ബര്‍ധന്‍റെ ആദ്യ പോസ്റ്റിങായിരുന്നു ഇത്.
ഹാസന് ഏകദേശം 10 കിലോമീറ്റര്‍ അകലെ വച്ച് ഹര്‍ഷ് സഞ്ചരിച്ച കാറിന്‍റെ ടയര്‍ പൊട്ടി. ഇതോടെ നിയന്ത്രണം വിട്ട കാര്‍ പാതയോരത്തെ മരത്തില്‍ ഇടിച്ച് അടുത്തുള്ള വീട്ടിലേക്ക് ഇടിച്ചുകയറിയാണ് നിന്നത്. ഗുരുതരമായി പരക്കേറ്റ ഹര്‍ഷിനെ ഉടന്‍ തന്നെ ഹാസനിലെ ആശുപത്രിയില്‍ എത്തിച്ചു. ബെംഗളൂരുവിലേക്ക് കൊണ്ടുപോകുന്നതിനായി ഗ്രീന്‍ കോറിഡോര്‍ സജ്ജമാക്കുന്നതിനിടെ ജീവന്‍ നഷ്ടമാകുകയായിരുന്നു. കാറോടിച്ചിരുന്ന ഡ്രൈവര്‍ക്ക് നിസാര പരുക്കുകള്‍ മാത്രമാണുള്ളത്. ഇയാള്‍ ചികില്‍സയിലാണ്.
മധ്യപ്രദേശിലെ ദോസര്‍ ഗ്രാമമാണ് ഹര്‍ഷിന്‍റെ സ്വദേശം. അടുത്തയിടെയാണ് കര്‍ണാടക പൊലീസ് അക്കദമിയില്‍ നിന്നും നാലാഴ്ചത്തെ പരിശീലനം പൂര്‍ത്തിയാക്കിയാണ് മൈസൂരുവിലേക്ക് ഹര്‍ഷ് എത്തിയത്. ഹര്‍ഷിന്‍റെ കുടുംബം ബിഹാര്‍ സ്വദേശികളാണ്. സബ്ഡിവിഷണല്‍ മജിസ്ട്രേറ്റ് ആണ് പിതാവ് അഖിലേഷ്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഹര്‍ഷിന്‍റെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകും.