പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രിയും ശിരോമണി അകാലിദള്‍ നേതാവുമായ സുഖ്ബീര്‍ സിങ് ബാദലനു നേരെ അമൃത്സര്‍ സുവര്‍ണക്ഷേത്രത്തില്‍ വധശ്രമം. തോക്കുമായി എത്തിയ ആള്‍ ബാദലിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. പ്രതി നരെയ്ന്‍ സിങ്ങിനെ സുരക്ഷ ഉദ്യോഗസ്ഥര്‍ കീഴടക്കി. ഇയാള്‍ക്ക് ഖലിസ്ഥാന്‍ ബന്ധമുണ്ടെന്നാണ് വിവരം.
രാവിലെ ഒന്‍പതുമണിയോടെയാണ് സുഖ്ബീര്‍ സിങ് ബാദലിനുനേരെ വെടിവയ്പ്പുണ്ടായത്. മതശിക്ഷയുടെ ഭാഗമായി സേവനം ചെയ്യാന്‍ സുവര്‍ണക്ഷേത്രത്തില്‍ എത്തിയ ബാദല്‍ കവാടത്തിനു സമീപം വീല്‍ചെയറില്‍ ഇരിക്കുമ്പോള്‍ പ്രതി നരെയ്ന്‍സിങ് അടുത്തെത്തി വെടിയുതിര്‍ക്കുകയായിരുന്നു. ചുവരിലാണ് വെടിയുണ്ട തറച്ചത്. ബാദലിനൊപ്പമുണ്ടായിരുന്നവരും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് ഇയാളെ ഉടന്‍ കീഴടക്കി. ഖലിസ്ഥാന്‍ അനുകൂല സംഘടനയായ ബബ്ബര്‍ ഖല്‍സയുടെ പ്രവര്‍ത്തകനാണ് നരെയ്ന്‍ സിങ് എന്നാണ് സുരക്ഷാ ഏജന്‍സികള്‍ നല്‍കുന്ന വിവരം. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയുമാണ്. കൃത്യമായ ആസൂത്രണത്തോടെയാണ് അക്രമമെന്നാണ് വിവരം.
മതശിക്ഷയുടെ ഭാഗമായി കഴിഞ്ഞ രണ്ടുദിവസമായി ഓരോ മണിക്കൂര്‍ വീതം ബാദല്‍ സുവര്‍ണക്ഷേത്രത്തില്‍ സേവനം നടത്തുന്നുണ്ട്. പ്രതിയും ഇന്നലെ ക്ഷേത്രത്തില്‍ എത്തിയിരുന്നു. കടുത്ത സുരക്ഷാവീഴ്ചയാണ് ഉണ്ടായതെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അകാലിദള്‍ ആവശ്യപ്പെട്ടു. പഞ്ചാബില്‍ ക്രമസമാധാനം പൂര്‍ണമായി തകര്‍ന്നുവെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. ശക്തമായ സുരക്ഷ ഒരുക്കിയിരുന്നുവെന്നും പൊലീസിന്‍റെ കാര്യക്ഷമമായ ഇടപെടലിലൂടെയാണ് വധശ്രമം പരാജയപ്പെടുത്തിയതെന്നും മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പ്രതികരിച്ചു
സുഖ്ബീര്‍ സിങ് ബാദലിന് സിഖുകാരുടെ പരമോന്നത സംഘടനയായ അകാല്‍ തഖ്ത് ശിക്ഷ വിധിച്ചിരുന്നു. സുവര്‍ണക്ഷേത്രം അടക്കമുള്ള ഗുരുദ്വാരകളിലെ അടുക്കളയും ശുചിമുറികളും വൃത്തിയാക്കണം, രണ്ടുദിവസം കാവല്‍ നില്‍ക്കണം, കഴുത്തില്‍ പ്ലക്കാർഡ് ധരിക്കണം, കൈയില്‍ കുന്തം കരുതണം തുടങ്ങിയവയായിരുന്നു ശിക്ഷ. ബാദലിന്റെ അകാലിദള്‍ മന്ത്രിസഭയില്‍ അംഗങ്ങളായിരുന്നവര്‍ക്കും അകാല്‍ തഖ്ത് ശിക്ഷ പ്രഖ്യാപിച്ചിരുന്നു.
2007- 2017 കാലത്തെ അകാലിദള്‍ സര്‍ക്കാറിന്റെയും പാര്‍ട്ടിയുടെയും മതപരമായ തെറ്റുകളെ മുന്‍നിര്‍ത്തിയാണ് ശിക്ഷ. പിന്നാലേ സുഖ്ബീര്‍ സിങ് ബാദല്‍ ശിരോമണി അകാലിദള്‍ അധ്യക്ഷസ്ഥാനം രാജിവച്ചിരുന്നു.