ജപ്തി ചെയ്ത് വീടുകളില്‍ നിന്ന് ഇറക്കി വിടരുതെന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെ വീണ്ടും കേരള ബാങ്കിന്‍റെ ജപ്തി നടപടി. ഉറ്റ സുഹൃത്തിന്‍റെ മകളുടെ വിവാഹത്തിന് പുരയിടത്തിന്‍റെ ആധാരം പണയംവച്ച് കേരള ബാങ്കില്‍ നിന്ന് കടമെടുത്ത മലപ്പുറം നിലമ്പൂര്‍ സ്വദേശി അലക്സാണ്ടറിന്‍റെ വീടും പറമ്പുമാണ് ബാങ്ക് ജപ്തി ചെയ്തത്. പതിനാറ് ദിവസമായി ജപ്തിചെയ്ത വീടിന് മുന്നില്‍ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയാണ് കുടുംബത്തിന്‍റെ താമസം.
ഇന്നലെവരെ അന്തിയുറങ്ങിയിരുന്നിടത്താണ് അലക്സാണ്ടറിന്‍റെ അഭയാര്‍ഥികളായി. 2018ലാണ് ഉറ്റ ചങ്ങാതിയുടെ മകളുടെ വിവാഹാവശ്യത്തിനായി അലകസാണ്ടര്‍ ആധാരം പണയപ്പെടുത്തി പത്തു ലക്ഷം രൂപ കടമെടുത്തത്. അടവ് തെറ്റാതെ മൂന്നു ലക്ഷം രൂപ വരെ സുഹൃത്ത് മുനീബ് കത്യമായി അടച്ചു. എന്നാല്‍ നിനച്ചിരിക്കാതെയെത്തിയ രോഗം പിടിമുറുക്കിയതോടെ മുനീബിന്‍റെ കാഴ്ച നഷ്ടപ്പെട്ടു.
പണിയെടുക്കാന്‍ പറ്റാത്ത അവസ്ഥ. പലിശയും ചേര്‍ത്ത് തിരിച്ചടയ്ക്കേണ്ടത് 22 ലക്ഷം. പലിശയിനത്തില്‍ 40 ശതമാനം ഇളവ് നല്‍കാമെന്നും 17 ലക്ഷം ഒറ്റ തവണയായി അടച്ചാല്‍ ജപ്തി ഒഴിവാക്കുമെന്നും അധികൃതര്‍ പറഞ്ഞിരുന്നു. എന്നാല്‍ ദിവസവേതനക്കാരനായ അലക്സാണ്ടറിന് ഈ തുക ചിന്തിക്കവുന്നതിനുമപ്പുറം. വീട് ജപ്തി ചെയ്ത് സീല്‍ ചെയ്തതോടെ എങ്ങോട്ടുപോകുമെന്നറിയാതെ നിന്ന കുടുംബം വീടിനു മുന്‍പില്‍ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയാണ് അന്തിയുറങ്ങുന്നത്.