അഞ്ചുപേരുടെ മരണത്തിനിടയാക്കിയ സംഘർഷം ഉണ്ടായ യുപിയിലെ സംഭൽ സന്ദർശിക്കാൻ പുറപ്പെട്ട രാഹുലിനേയും പ്രിയങ്കയേയും ഗാസിപ്പൂരില്‍ പൊലീസ് തടഞ്ഞു. യു.പി പൊലീസ് റോഡ‍് അടച്ചു. ബാരിക്കേഡ് മറിച്ചിടാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശ്രമം, ഉന്തിലും തള്ളിലും കലാശിച്ചു. യുപി പിസിസി അധ്യക്ഷന്‍ അജയ് റായ് അടക്കം ബാരിക്കേഡ് മറികടന്ന് മുന്നോട്ടുപോയി. യു.പിയിലെ കോണ്‍ഗ്രസ് എം.പിമാരും കെ.സി.വേണുഗോപാലും സംഘത്തിനൊപ്പമുണ്ട്.
പൊലീസ് വഴിയടച്ചതോടെ ഗാസിപ്പൂരില്‍ വന്‍ ഗതാഗതകുരുക്കാണ്. കിലോമീറ്ററുകളോളം ദൂരത്തില്‍ വാഹനനിരയുണ്ട്. ഗതാഗതക്കുരുക്ക് സൃഷ്ടിച്ച് ജനരോഷം ഉയര്‍ത്താനാണ് പൊലീസ് ശ്രമമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. രാഹുല്‍ എത്തുന്നത് വൈകിപ്പിക്കാനുള്ള നീക്കമാണിത് . രാഹുൽ ഗാന്ധിയെ അനുഗമിക്കാനും ജനാധിപത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടത്തിനുമായി ഗാസിപൂരിൽ സംഗമിക്കാൻ പ്രവർത്തകർക്ക് കോൺഗ്രസ് നിർദേശം നൽകിയിരുന്നു. Also Read: സംഭലില്‍ സംഭവിച്ചതെന്ത്? ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം...
പുറത്തുനിന്നുള്ളവർക്ക് പ്രദേശത്തേക്കുള്ള വിലക്ക് ഈ മാസം പത്തുവരെ നീട്ടിയിരുന്നു. നേതാക്കളെ തടയാൻ നിർദേശിച്ച് പൊലീസ് മേധാവിമാർക്ക് ജില്ലാ മജിസ്‌ട്രേറ്റ് കത്ത് നല്‍കുകയും ചെയ്തു. സംഘർഷത്തിൽ ഇരകളായവർക്ക് സാന്ത്വനവും നിയമ സഹായവും നൽകാനായി പുറപ്പെട്ട മുസ്ലിം ലീഗ്, സമാജ് വാദി പാർട്ടി, കോൺഗ്രസ് സംഘങ്ങളെ പൊലീസ് നേരത്തെ തടഞ്ഞിരുന്നു.