പാലക്കാടിന്റേയും ചേലക്കരയുടെയും പുതിയ ജനപ്രതിനിധികളായ യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു. നിയമസഭ സ്പീക്കര്‍ എഎൻ ഷംസീര്‍ സത്യവാചകം ചൊല്ലികൊടുത്തു. നിയമസഭാ സമുച്ചയത്തിലെ മെമ്പേഴ്സ് ലൗഞ്ചിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വിവിധ കക്ഷി നേതാക്കളും പങ്കെടുത്തു. യുആര്‍ പ്രദീപ് ആണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. സഗൗരവമായിരുന്നു സത്യപ്രതിജ്ഞ. സഭയിലെ കന്നിയംഗമായ രാഹുലിന്‍റെ സത്യപ്രതിജ്ഞ ദൈവ നാമത്തിലായിരുന്നു. ഇത് രണ്ടാം തവണയാണ് യു.ആര്‍.പ്രദീപ് നിയമസഭാംഗമാകുന്നത്.
പാലക്കാട്ടെ ജനത നല്‍കിയത് പെട്ടിയിലൊതുങ്ങാത്ത സ്നേഹമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ മനോരമ ന്യൂസിനോട് പറഞ്ഞു. പെട്ടി വിവാദം അവസാനിപ്പിക്കില്ലെന്നും രാഹുല്‍ വ്യക്തമാക്കി.
രണ്ടാമതും നിയമസഭയില്‍ എത്തിയതില്‍ സന്തോഷമുണ്ടെന്ന് ചേലക്കരയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട യു.ആര്‍. പ്രദീപ് പറഞ്ഞു. സത്യപ്രതിജ്ഞയ്ക്ക് കുടുംബത്തോടൊപ്പമാണ് പ്രദീപ് തിുവനന്തപുരത്തെത്തിയത്.