കര്‍ഷക പ്രതിഷേധത്തെ തുടര്‍ന്ന് പഞ്ചാബ്– ഹരിയാന അതിര്‍ത്തി യുദ്ധക്കളം. കണ്ണീര്‍വാതക പ്രയോഗത്തില്‍ ഒന്‍പത് കര്‍ഷകര്‍ക്ക് പരുക്കേറ്റു. പൊലീസ് രാസവസ്തുക്കള്‍ ചേര്‍ത്ത പൂക്കള്‍ എറിഞ്ഞെന്ന് കര്‍ഷകര്‍ ആരോപിച്ചു. അമൃത്സറില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും ഹരിയാന മുഖ്യമന്ത്രിയും പങ്കെടുക്കുന്ന പരിപാടിയില്‍ കര്‍ഷക പ്രതിഷേധത്തെ തുടര്‍ന്ന് സുരക്ഷ കൂട്ടി. അതേസമയം, തുടര്‍നീക്കങ്ങള്‍ ചര്‍ച്ചചെയ്യാന്‍ നാളെ കര്‍ഷക സംഘടനകള്‍ യോഗംവിളിച്ചു. പഞ്ചാബ്– ഹരിയാന അതിര്‍ത്തിയിലാണ് യോഗം. താല്‍ക്കാലികമായി നിര്‍ത്തിവച്ച മാര്‍ച്ച് പുനരാരംഭിച്ചേക്കില്ലെന്നാണ് സൂചന
കഴിഞ്ഞദിവസം വലിയ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് സംയമനത്തോടെയായിരുന്നു ഹരിയാന പൊലീസ് തുടക്കത്തില്‍ ഇടപെട്ടത്. ശംഭു അതിര്‍ത്തിയില്‍ ബാരിക്കേഡിന് അടുത്തെത്തിയ സമരക്കാര്‍ക്ക് മേല്‍പുഷ്പവൃഷ്ടി നടത്തി നോക്കി. കുടിക്കാന്‍ ചായയും കഴിക്കാന്‍ ബിസ്ക്കറ്റും നല്‍കി. പക്ഷേ കര്‍ഷകര്‍ വഴങ്ങിയില്ല. പിന്നാലെ പൊലീസ് ശൈലി മാറ്റി. കണ്ണീര്‍വാതകവും തുടര്‍ന്ന് ജലപീരങ്കിയും പ്രയോഗിച്ചു. രാസവസ്തുക്കളടങ്ങിയ പൂക്കളാണ് പൊലീസ് എറിഞ്ഞതെന്ന് കര്‍ഷക സംഘടനകള്‍ ആരോപിച്ചു.
ഒന്‍പത് കര്‍ഷകര്‍ക്ക് സംഘര്‍ഷത്തില്‍ പരുക്കേറ്റു. ശ്വാസതടസ്സത്തെ തുടര്‍ന്ന് ഒരു മാധ്യമപ്രവര്‍ത്തകയയെും ആശുപത്രിയിലേക്ക് മാറ്റി. കാലാവധി കഴിഞ്ഞ കണ്ണീര്‍വാതക ഷെല്ലുകള്‍ പൊലീസ് പ്രയോഗിച്ചതായി കര്‍ഷകര്‍ ആരോപിച്ചു. 101 പേരടങ്ങുന്ന കര്‍ഷകരുടെ മാര്‍ച്ചാണ് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും വലിയൊരു ആള്‍ക്കൂട്ടമാണ് അതിര്‍ത്തിയിലേക്ക് വരുന്നതെന്ന് ഹരിയാന പൊലീസ്. തിരിച്ചറിയല്‍ രേഖ പരിശോധിച്ച് 101 കര്‍ഷകരെ കടത്തിവിടാന്‍ തയാറെന്നും കര്‍ഷകരാണ് വഴങ്ങാത്തതെന്നും പൊലീസ് ആരോപിച്ചു. ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനിയും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും പങ്കെടുക്കുന്ന അമൃത്സറിലെ പരിപാടിയില്‍ പ്രതിഷേധിക്കാന്‍ പദ്ധതിയിട്ട കര്‍ഷകരെ പഞ്ചാബ് പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.