ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പാക്കുന്നതിനുള്ള ഭരണഘടനാ ഭേഗദതി ബില്‍ നാളെ ലോക്സഭയില്‍ അവതരിപ്പിക്കും. കേന്ദ്രഭരണപ്രദേശങ്ങളുടെ കാലാവധിയില്‍ മാറ്റം വരുത്തുന്ന ബില്ലും ഇതോടൊപ്പം അവതരിപ്പിക്കും. ബില്‍ സംയുക്ത പാര്‍ലമെന്‍ററി സമിതിക്ക് വിട്ടേക്കും. 2034 മുതല്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിലേക്ക് നീങ്ങാനാണ് ബില്‍ വ്യവസ്ഥ ചെയ്യുന്നത്

ലോക്സഭ നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചും നൂറ് ദിവസത്തിനുള്ളില്‍ തദ്ദേശ തിരഞ്ഞെടുപ്പും നടത്താനാണ് ബില്‍ നിര്‍ദേശിക്കുന്നത്. നടപ്പാക്കണമെങ്കില്‍ പല നിയമസഭകളും കാലാവധി പൂര്‍ത്തിയാവും മുന്‍പ് പിരിച്ചുവിടേണ്ടിവരും. ഇതിനായി ലോക്സഭയുടെയും നിയമസഭകളുടെയും കാലാവധിയില്‍ മാറ്റം വരുത്തുന്ന വിധം ബില്ലില്‍  ഭരണഘടനാ ഭേഗദതി നിര്‍ദേശിക്കുന്നു. ഏതെങ്കിലും കാരണത്താല്‍ കാലാവധി പൂര്‍ത്തിയാവും മുന്‍പ് ലോക്സഭയോ നിയമസഭകളോ പിരിച്ചുവിടേണ്ടിവന്നാല്‍ ഇടക്കാല തിരഞ്ഞെടുപ്പ് നടത്താനും ബില്ലില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ പുതിയ സഭയ്ക്ക് അഞ്ചുവര്‍ഷ കാലാവധി ഉണ്ടാവില്ല. ഡല്‍ഹി, പുതുച്ചേരി, ജമ്മു കശ്മീര്‍ എന്നീ കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സമാനമായി നിയമം ഭേഗദതി ചെയ്യും. ബില്ലിനെ ശക്തമായി എതിര്‍ക്കാനാണ് ഇന്ത്യ സഖ്യത്തിന്‍റെ തീരുമാനം. ഭരണഘടനയുടെ മൗലിക സ്വഭാവത്തിനും ഫെഡറല്‍ തത്വങ്ങള്‍ക്കും എതിരാണ് ഒരു രാജ്യം ഒരുതിരഞ്ഞെടുപ്പെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു

അടുത്ത പൊതു തിരഞ്ഞെടുപ്പിനു ശേഷമുള്ള ലോക്സഭയുടെ ആദ്യ സിറ്റിങ്ങിലേ നിയമം പ്രാബല്യത്തില്‍ വരൂ എന്നും ബില്ലില്‍ പറയുന്നു. അങ്ങനെയെങ്കില്‍ 2034 ല്‍ മാത്രമെ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് യാഥാര്‍ഥ്യമാവു. 

ENGLISH SUMMARY:

The One Nation, One Election Constitutional Amendment Bill will be introduced in the Lok Sabha tomorrow. The bill proposes the transition to a single election for the entire country starting from 2034.