രാജ്യത്തെ നടുക്കിയ നിര്‍ഭയ കൂട്ടബലാല്‍സംഗ കൊലപാതകത്തിനുശേഷം 12 വര്‍ഷം പിന്നിടുമ്പോഴും സ്ത്രീ സുരക്ഷയിൽ പുരോഗതിയില്ലെന്ന് നിർഭയയുടെ മാതാവ്. കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു. നിയമങ്ങളുണ്ടാക്കി എന്നല്ലാതെ മാറ്റമൊന്നുമുണ്ടായില്ലെന്നും നിര്‍ഭയ ആശാദേവി മനോരമ ന്യൂസിനോട് പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
നിർഭയ രാജ്യത്തിന്‍റെ നോവായി തീർന്ന് 12 വർഷം പിന്നിടുന്നു. മകളെ നഷ്ടപെട്ട തീരാവേദനയ്ക്കൊപ്പം ഇന്നും നിർഭയമാർ ഉണ്ടാകുന്നതിന്റെ ആശങ്കയിലുമാണ് ഈ അമ്മ. അതിക്രമങ്ങൾക്കെതിരായ കൂട്ടായ്‌മയുടെ പരിപാടിയിൽ പങ്കെടുത്ത ആശാദേവി അതിജീവിതകൾക്കും കുടുംബങ്ങൾക്കും ആശ്വാസവും ധൈര്യവും പകർന്നു. അതിക്രമങ്ങള്‍ക്കിരയായവരുടെ എണ്ണമുണ്ട്, എത്ര പേര്‍ക്ക് നീതികിട്ടി എന്നതിന്‍റെ കണക്കുണ്ടോയെന്ന് ആശാദേവി ചോദിക്കുന്നു.
കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കാതെ കുറ്റകൃത്യങ്ങള്‍ കുറയില്ല, സ്ത്രീകള്‍ക്ക് സുരക്ഷിത ബോധമുണ്ടാകില്ല. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും പ്രതിപക്ഷവും ഇനിയെങ്കിലും സ്ത്രീ സുരക്ഷയെക്കുറിച്ച് ചിന്തിക്കണം, രാജ്യത്തിന്‍റെ നാണക്കേട് മാറ്റാന്‍ ശക്തമായ നടപടിയെടുക്കണമെന്നും ആശാദേവി പറയുന്നു.