ഓര്‍ത്തഡോക്സ് – യാക്കോബായ സഭകള്‍ തമ്മില്‍ അവകാശതര്‍ക്കം നിലനില്‍ക്കുന്ന ആറുപള്ളികളിലും തല്‍സ്ഥിതി തുടരാന്‍ സുപ്രീം കോടതി നിര്‍ദേശം. ഹര്‍ജികള്‍ വീണ്ടും പരിഗണിച്ച് മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ ഭരണത്തില്‍ നിലവിലെ സ്ഥിതി തുടരണം. ആറ് പള്ളികള്‍ കൈമാറണമെന്ന ഇടക്കാല ഉത്തരവ് നടപ്പാക്കാന്‍ ഇരുവിഭാഗത്തിനും പ്രയാസമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
പള്ളികള്‍ കൈമാറാനാകില്ലെന്നും കൈമാറിയാൽ ആരാധനാലയ നിയമത്തിന് വിരുദ്ധമാകുമെന്നും യാക്കോബായ സഭ അഭിഭാഷകന്‍ വാദിച്ചു. പള്ളികള്‍ ഏറ്റെടുത്താല്‍ സെമിത്തേരികളില്‍ യാക്കോബായ പുരോഹിതരെ അനുവദിക്കാനാകില്ലെന്ന് ഓര്‍ത്തഡോക്സ് സഭയും കോടതിയെ അറിയിച്ചു. തുടര്‍ന്ന് രണ്ട് മണിക്കൂര്‍ നീണ്ട വാദപ്രതിവാദത്തിനൊടുവിലാണ് സുപ്രീം കോടതിയുടെ നിര്‍ദേശം.
അനിഷ്ട സംഭവങ്ങളുണ്ടാകരുത്, ഉണ്ടായാൽ സംസ്ഥാനത്തിന് ഇടപെടാമെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്വൽ ഭുയാൻ എന്നിവരുടെ ബെഞ്ച് പറഞ്ഞു. ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭകളുടെ നിയന്ത്രണത്തിലുള്ള പള്ളികളുടെയും സഭാംഗങ്ങളുടെയും കണക്ക് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. ജനുവരി 29, 30 തീയതികളില്‍ ഹര്‍ജികള്‍ വീണ്ടും പരിഗണിക്കും.