അക്കൗണ്ടില്‍ നിന്ന് അഞ്ഞൂറ് രൂപ പിന്‍വലിച്ചതിനു ശേഷം ഇനിയെത്ര ബാക്കിയുണ്ടെന്ന് പരിശോധിച്ചു നോക്കിയ ഒന്‍പതാം ക്ലാസുകാരന്‍ ഞെട്ടി. അക്കൗണ്ടില്‍ ബാലന്‍സ് കാണിക്കുന്നത് 87.65 കോടി രൂപ. ഒന്നു കൂടി ബാലന്‍സ് പരിശോധിച്ചു, എന്നിട്ടും കാണിക്കുന്നത് അതേ തുക തന്നെ. ഇത്രയും പണം തന്‍റെ അക്കൗണ്ടില്‍ എങ്ങനെ വന്നു എന്നറിയാതെ കുഴഞ്ഞ കുട്ടി വീട്ടിലെത്തി അമ്മയോട് കാര്യം പറഞ്ഞു. പിന്നീട് നടന്ന സംഭവങ്ങളാകട്ടെ അതിനാടകീയം.
ബിഹാറിലെ മുസാഫര്‍പുരിലാണ് സംഭവം. ചന്ദന്‍ പറ്റി ഗ്രാമത്തിലെ സെയ്ഫ് അലി എന്ന കൗമാരക്കാരനാണ് അക്കൗണ്ടില്‍ കോടിപതിയായത്. ഇതിന് പക്ഷേ മണിക്കൂറുകളുടെ ആയുസേയുണ്ടായുള്ളൂ എന്നുമാത്രം. അമ്മയെ കൂട്ടി സെയ്ഫ് ബാങ്കിലെത്തി സ്റ്റേറ്റ്മെന്‍റ് എടുത്തു നോക്കി. നേരത്തെ കണ്ട 87.65 കോടി രൂപ അക്കൗണ്ടില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു. സ്റ്റേറ്റ്മെന്‍റില്‍ കാണിക്കുന്നത് 532 രൂപ മാത്രം. ബാങ്ക് അധികൃതരോട് വിവരം പറഞ്ഞപ്പോള്‍ അവര്‍ക്കും കൃത്യമായ മറുപടിയില്ല.
അഞ്ചു മണിക്കൂറോളം സെയ്ഫ് അലിയുടെ അക്കൗണ്ടില്‍ 87.65 കോടി രൂപയുണ്ടായിരുന്നു എന്നാണ് വിവരം. സംഭവത്തില്‍ നോര്‍ത്ത് ബിഹാര്‍ ഗ്രാമീണ്‍ ബാങ്ക് അന്വേഷണം ആരംഭിച്ചു. സെയ്ഫ് അലിയുടെ അക്കൗണ്ടിലേക്ക് പണം മാറി കയറിയതാകാം എന്ന നിഗമനത്തിലാണ് അധികൃതര്‍. എന്നാല്‍ ഇത്രയും വലിയ തുക എങ്ങനെ സൂക്ഷ്മതയില്ലാതെ കൈകാര്യം ചെയ്യപ്പെട്ടു എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. സൈബര്‍ തട്ടിപ്പ് നടത്തുന്ന സംഘം സെയ്ഫ് അലിയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തതാണോ എന്നതടക്കം പരിശോധിച്ചു വരികയാണ്.
സെയ്ഫ് അലിയോ കുടുംബമോ വിഷയത്തില്‍ പരാതിയുമായി മുന്നോട്ടു വന്നിട്ടില്ല. അക്കൗണ്ടില്‍ തുക പഴയതു പോലെയായി എന്നതില്‍ തീരുന്നില്ല, സംഭവിച്ചത് എന്താണെന്ന് കണ്ടെത്തേണ്ടതുണ്ട്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് സൈബര്‍ ഡി.എസ്.പി സീമ ദേവി വ്യക്തമാക്കി.