സ്കൂളിലെ ഉച്ചഭക്ഷണത്തിന്‍റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യാനെത്തിച്ച മുട്ട മോഷ്ടിച്ച് പ്രിന്‍സിപ്പല്‍. മുട്ട സ്വന്തം ബാഗിലാക്കി പ്രിന്‍സിപ്പല്‍ വീട്ടിലേക്ക് കൊണ്ടുപോകുകയാണ് ചെയ്തത്. സംഭവം ക്യാമറയില്‍ പതിഞ്ഞതോടെ വിദ്യാഭ്യാസ വകുപ്പിനാകെ നാണക്കേടുണ്ടാക്കുന്ന സംഭവമായിത് മാറി.
സമൂഹമാധ്യമത്തില്‍ പ്രിന്‍സിപ്പല്‍ മുട്ട മോഷ്ടിക്കുന്ന വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ പ്രതിഷേധവും ഉടലെടുത്തു. വിദ്യാഭ്യാസ വകുപ്പ് വിഷയത്തില്‍ അന്വേഷണവും പ്രഖ്യാപിച്ചു. ബിഹാറിലെ വൈശാലി ജില്ലയില്‍ ലാല്‍ഗഞ്ചിലുള്ള സ്കൂളിലാണ് സംഭവം നടന്നതെന്ന് പിന്നീട് വ്യക്തമായി.
തൊട്ടുപിന്നാലെ സ്കൂള്‍ പ്രിന്‍സിപ്പല്‍ സുരേഷ് സഹാനിക്കെതിരെ നോട്ടീസും അയച്ചു. എന്തുകൊണ്ട് മോഷണക്കുറ്റത്തിന് പ്രിന്‍സിപ്പലിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തില്ല എന്നും ആകെ നാണക്കേടുണ്ടാക്കിയ സംഭവമാണിതെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
ഡിസംബര്‍ 12ന് നടന്ന മോഷണത്തിന്‍റെ വിഡിയോയിലാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്. സ്കൂളിലെ വിദ്യാര്‍ഥികളുടെ മാതാപിതാക്കളും നാട്ടുകാരും സംഘടിച്ച് പ്രിന്‍സിപ്പലിനെതിരെ പ്രതിഷേധം നടത്തി. മുട്ട താന്‍ വീട്ടിലേക്കല്ല കൊണ്ടുപോയത്, സ്കൂളിലെ അടുക്കളയില്‍ ജോലി ചെയ്യുന്ന ആളെ ഏല്‍പ്പിക്കുകയാണ് ചെയ്തത് എന്ന വിശദീകരണമാണ് പ്രിന്‍സിപ്പല്‍ നല്‍കിയത്.