കൊച്ചിയില്‍ തൃക്കാക്കരയില്‍ എന്‍.സി.സി ക്യാംപിനിടെ കോളജ് വിദ്യാര്‍ഥികള്‍ക്ക് ശാരീരികാസ്വാസ്ഥ്യം. നാല്‍പതോളം വിദ്യാര്‍ഥികളെ കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഭക്ഷ്യവിഷബാധയെന്ന് സംശയം. 600 വിദ്യാര്‍ഥികളാണ് തൃക്കാക്കര കെ.എം.എം. കോളജിലെ ക്യാംപില്‍ പങ്കെടുക്കുന്നത്.
അതേസമയം, ക്യാംപ് നിര്‍ത്തേണ്ട സാഹചര്യമില്ലെന്ന് 21 കേരള ബറ്റാലിയന്‍ അധികൃതര്‍ ആദ്യം അറിയിച്ചു. എന്നാല്‍ പിന്നീട് ക്യാംപ് അവസാനിച്ചതായി എസിപി പറഞ്ഞു.
ക്യാംപില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് നിര്‍ജലീകരണം സംഭവിച്ചെന്നും ഭക്ഷ്യവിഷബാധ എന്ന നിഗമനം ഈ ഘട്ടത്തില്‍ ഇല്ലെന്നും കരസേനാ വിഭാഗം വ്യക്തമാക്കി. 75 കുട്ടികള്‍ വിവിധ ആശുപത്രികളിലായി ചികില്‍സയിലാണ്.
ഇതിനിടെ പ്രതിഷേധവുമായി രക്ഷിതാക്കള്‍ രംഗത്തെത്തി. എന്‍.സി.സി ക്യാംപ് നടക്കുന്ന തൃക്കാക്കരയിലെ കോളജിനു മുന്നിലാണ് പ്രതിഷേധിച്ചത്. കുട്ടികള്‍ക്ക് കുടിവെള്ളം നല്‍കിയില്ലെന്നും ക്യാംപ് അധികൃതര്‍ കൃത്യമായ വിവരം നല്‍കുന്നില്ലെന്നും രക്ഷിതാക്കള്‍ ആരോപിച്ചു. രക്ഷിതാക്കള്‍ ഗേറ്റ് തകര്‍ത്ത് അകത്തു കയറി.