പുഷ്പാ 2 പ്രീമിയർ ഷോക്കിടെ യുവതി തിക്കിലും തിരക്കിലും മരിച്ച കേസിൽ നടൻ അല്ലു അർജുനെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചു. നാളെ രാവിലെ 11 മണിക്ക് സന്ധ്യ തിയേറ്റർ ഉൾപ്പെടുന്ന ചിക്കാടപള്ളി പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശം. അപകടത്തിൽ നടന്റെ അവകാശ വാദങ്ങൾ മുഴുവൻ തള്ളുന്ന തിയേറ്ററിലെ  സി സി ടീവീ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യൽ ആണെന്നു  സൂചന. നേരെത്തെ അന്വേഷണ സംഘം ആവശ്യപെട്ടാൽ ഹാജരാകണമെന്ന് ഇടക്കാല ജാമ്യം അനുവദിച്ചപ്പോൾ കോടതി നിർദേശിച്ചിരുന്നു

Read Also: മരണവിവരം അറിഞ്ഞിട്ടും സിനിമ കണ്ടു; അല്ലു അര്‍ജുനെതിരെ തെളിവ് പുറത്തുവിട്ട് പൊലീസ്.

മരണ വിവരം അറിഞ്ഞിട്ടും താരം സിനിമ കാണൽ തുടർന്നുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. പുറത്തെ സാഹചര്യങ്ങളെ കുറിച്ച് പൊലീസ് താരത്തെ ഇരിപ്പിടത്തിൽ എത്തി അറിയിക്കുന്നതും സിനിമ കഴിഞ്ഞു പുറത്തു പോകുമ്പോൾ ആളുകളെ കാണരുതെന്ന് ആവശ്യപെടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്

എന്നാൽ അല്ലു അർജുൻ ഈ നിർദേശങ്ങൾ അനുസരിക്കാതെ പുറത്തിറങ്ങി ആരാധകരെ അഭിവാദ്യം ചെയ്തു. ഓടിയടുത്ത ആരാധകരെ ബൗണ്സർമാർ തള്ളി നീക്കാൻ ശ്രമിച്ചതുമാണ് പ്രശ്നം ഉണ്ടാക്കിയെന്നതിന്റെ തെളിവുകൾ ആണ് പുറത്തായത്. ഇതോടെ അല്ലു അർജുന്റെ വാദങ്ങൾ പൊളിഞ്ഞു. യുവതി മരിച്ച വിവരം അറിഞ്ഞത് പിറ്റേദിവസം ആണെന്നായിരുന്നു നടന്‍റെ പ്രതികരണം. കൂടാതെ ദുരന്തത്തിനുശേഷം പുറത്തുപോയ അല്ലു അർജുൻ ആരാധകരെ അഭിവാദ്യം ചെയ്യുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

അതേസമയം, നടന്‍ അല്ലു അര്‍ജുന്റെ വീടിനു നേരെ ആക്രമണം നടത്തിയ 8 പേർ അറസ്റ്റിൽ. സംഭവസ്ഥലത്തു നിന്ന് കസ്റ്റഡിയിൽ എടുത്ത 8 പേരുടെ അറസ്റ്റ് ജൂബിലി ഹിൽസ് പൊലീസ് രേഖപ്പെടുത്തി.  യുവതിയുടെ കുടുംബത്തിന് ഒരു കോടി രൂപ നൽകണം എന്നായിയുന്നു ആക്രമികളുടെ ആവശ്യം. ഞായറാഴ്ച വൈകീട്ട് 5.30 ഓടെയാണ് നടന്റെ ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ വീട്ടിൽ ഒരു സംഘം അതിക്രമിച്ചു കയറി ആക്രമണം നടത്തിയ അക്രമികള്‍ മുറ്റത്തെ ചെടിച്ചെട്ടികള്‍ എറിഞ്ഞു തകര്‍ത്തു. മതിലിനു മുകളില്‍ നിന്നു ചീഞ്ഞ തക്കാളികളും കല്ലുകളും വീടിനുനേരെ വലിച്ചെറിഞ്ഞു. അല്ലു അർജുൻ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയതിനു ശേഷം വീടിനു പൊലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. അതിനെ മറികടന്നാണ് ആക്രമണമുണ്ടായത്. ജോയിന്റ് ആക്ഷന്‍ കമ്മിറ്റി ഓഫ് ഓസ്മാനിയ യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് എന്ന സംഘടനയിൽ പെട്ടവരാണ് ആക്രമണം നടത്തിയതെന്നാണു പുറത്തുവരുന്ന വിവരം.

ENGLISH SUMMARY:

Allu Arjun Summoned By Hyderabad Police For Questioning In Stampede Case