പ്രണയത്തില്‍ നിന്നും പിന്‍മാറിയ കാമുകന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം. എട്ടുവര്‍ഷത്തെ പ്രണയത്തിനു ശേഷം കാമുകന്‍ മറ്റൊരു യുവതിയെ വിവാഹം ചെയ്യാനൊരുങ്ങിയതാണ് 21കാരിയെ പ്രകോപിപ്പിച്ചത്. ഇരുവരും അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു.
ഞായറാഴ്ച വൈകിട്ട് 4.30നായിരുന്നു സംഭവം. കുല്‍ഹേഡിയിലെ ചര്‍താവല്‍ സ്വദേശികളാണ് യുവാവും യുവതിയും. എട്ടു വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. പ്രണയം ഉപേക്ഷിച്ച് മറ്റൊരു യുവതിയെ വിവാഹം ചെയ്യാനായി യുവാവ് തീരുമാനിച്ചു. ഇതോടെ മനോവിഷമത്തിലായ യുവതി തന്റെ കാമുകനെ ഒരു തവണ കൂടി കാണണമെന്നാവശ്യപ്പെട്ടതനുസരിച്ചാണ് യുവാവ് എത്തിയത്. എന്നാല്‍ യുവാവിനെ ആക്രമിച്ച് ജനനേന്ദ്രിയം മുറിച്ച യുവതി തന്റെ കൈ ഞരമ്പുകള്‍ മുറിക്കാനും ശ്രമം നടത്തി. ഇതിനിടെ യുവാവ് തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചത്.
പൊലീസെത്തി ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും അപകടനില തരണം ചെയ്തു. യുവതി തന്നെയാണ് സംഭവിച്ച കാര്യങ്ങള്‍ പൊലീസിനോട് വെളിപ്പെടുത്തിയത്. കാറിനുള്ളില്‍വച്ചാണ് യുവതി തന്നെ ആക്രമിച്ചതെന്ന് യുവാവ് പറഞ്ഞെങ്കിലും, ഹോട്ടല്‍മുറിയില്‍ വച്ചാണ് സംഭവിച്ചതെന്നാണ് യുവതിയുടെ അവകാശവാദം. സംഭവത്തില്‍ അന്വേഷണം തുടരുന്നതായി മുസാഫര്‍നഗര്‍ പൊലീസ് അറിയിച്ചു.