പിറന്നാള്‍ ആഘോഷത്തിന് വിളിച്ചുവരുത്തി പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയോട് അതിക്രമം നടത്തി നാല് യുവാക്കള്‍. പിറന്നാളാഘോഷത്തിനിടെ വസ്ത്രമുരിഞ്ഞെടുത്ത് പതിനേഴുകാരനോട് നാലുപേരും കാട്ടിയത് സമാനതയില്ലാത്ത അക്രമമാണ്. ശാരീരികമായി ഉപദ്രവിച്ചതിനൊപ്പം ഇവര്‍ ആണ്‍കുട്ടിയുടെ ദേഹത്ത് മൂത്രമൊഴിക്കുകയും സ്വന്തം തുപ്പല്‍ നക്കിയെടുക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. വിഡിയോ ചിത്രീകരിച്ച ശേഷം ഇത് സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുമെന്ന ഭീഷണിയും ഇവര്‍ നടത്തി. ഇതോടെ ആണ്‍കുട്ടി ജീവനൊടുക്കി.
ഉത്തര്‍പ്രദേശിലെ ബാസ്തിയിലാണ് സംഭവം. ഡിസംബര്‍ ഇരുപതിനാണ് പതിനേഴുകാരന്‍ ഒരു പിറന്നാള്‍ ആഘോഷത്തിന് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതെന്ന് മാതാപിതാക്കള്‍ പറയുന്നു. തിരിച്ചുവന്നപ്പോള്‍ മുതല്‍ മകന്‍ അതീവ സങ്കടത്തിലായിരുന്നു. കാര്യം അന്വേഷിച്ചപ്പോള്‍ നടന്നതൊക്കെയും ഞങ്ങളോട് പറഞ്ഞുവെന്നും മാതാപിതാക്കള്‍ പറയുന്നു. വിഡിയോ അക്രമികള്‍ പുറത്തുവിടുമോയെന്ന് അവന് ഭയമുണ്ടായിരുന്നു. ഞങ്ങളൊപ്പമുണ്ടെന്ന് പറഞ്ഞതാണ്, പക്ഷേ അപ്പോഴേക്കും അവന്‍ ഈ ലോകത്തോട് വിടപറഞ്ഞുവെന്നും മാതാപിതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
പതിനേഴുകാരന്‍റെ മൃതദേഹവുമായി മാതാപിതാക്കള്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധം നടത്തി. കേസെടുക്കാന്‍ പോലും ആദ്യഘട്ടത്തില്‍ പൊലീസ് തയ്യാറായില്ല. ഞങ്ങളുടെ മകന് നീതി വേണം, അവനോട് ഈ ക്രൂരത ചെയ്തവര്‍ക്കെതിരെ ഉടന്‍ നടപടി വേണം എന്ന ആവശ്യം ഉന്നയിച്ചായിരുന്നു മൃതദേഹവുമായുള്ള പ്രതിഷേധം. മണിക്കൂറുകള്‍ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത് എന്ന ആരോപണവും ശക്തമാണ്.
പൊലീസ് പ്രതികളെ സംരക്ഷിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന് പതിനേഴുകാരന്‍റെ അമ്മ ആരോപിച്ചു. എന്തിനാണ് അക്രമികള്‍ ഇത്തരത്തിലൊരു ക്രൂരത നടത്തിയതെന്ന് അറിയില്ല എന്നാണ് കുട്ടിയുടെ അമ്മാവന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. എസ്.പി ഓഫീസിനു മുന്നില്‍ നടന്ന പ്രതിഷേധത്തിനു പിന്നാലെ സംഭവത്തില്‍ കൃത്യമായ ഇടപെടലുണ്ടാകും എന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ ഉറപ്പെത്തി. ഇതിനു ശേഷമാണ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചത്.