ആരിഫ് മുഹമ്മദ് ഖാനെപ്പോലെ ഇടതുപക്ഷ ചരിത്രകാരന്‍മാരുടെ കടുത്ത വിമര്‍ശകനാണ് നിയുക്ത ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറും. സ്വാതന്ത്ര്യസമരത്തെയും ഗാന്ധിയുടെ സത്യഗ്രഹത്തെയും കുറിച്ച് കഴിഞ്ഞയാഴ്ച നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ആര്‍എസ്എസിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തിയ ആളാണ് അര്‍ലേക്കര്‍.
സത്യഗ്രഹത്തെ പേടിച്ചല്ല. നാട്ടുകാരുടെ കയ്യിലെ ആയുധങ്ങള്‍ കണ്ടാണ് ബ്രിട്ടിഷുകാര്‍ ഇന്ത്യവിട്ടത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഗോവയില്‍ ഒരു പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് നിയുക്ത കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍ പറഞ്ഞതാണിത്. ഇടതുപക്ഷ ചരിത്രകാരന്‍മാര്‍ ചരിത്രസത്യങ്ങളെ വക്രീകരിച്ചു രാജേന്ദ്ര അര്‍ലേക്കറുടെ പക്ഷം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് തെറ്റായ ചരിത്രം പ്രചരിപ്പിച്ചു എന്ന വിമര്‍ശനവുമുണ്ട് അദ്ദേഹത്തിന്.
നെഹ്റുവിന്‍റെ ഇടതുപക്ഷ ലൈനിലൂടെ പോയ ആദ്യമന്ത്രിസഭയുടെ വിശ്വസ്ഥത ഈ മണ്ണിനോടായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. സര്‍വകലാശാല ഭരണവുമായി ബന്ധപ്പെട്ട് ബിഹാര്‍ സര്‍ക്കാരുമായി ഏറ്റുമുട്ടിയിട്ടുണ്ട് അര്‍ലേക്കര്‍. ആര്‍എസ്എസിലൂടെ പൊതുപ്രവര്‍ത്തനരംഗത്തെത്തിയ രാജേന്ദ്ര അര്‍ലേക്കര്‍ ഗോവ നിയമസഭാ സ്പീക്കറായിരുന്നു. പിന്നീട് ഗോവ വനം പരിസ്ഥിതി മന്ത്രിയുമായിരുന്നു അദ്ദേഹം. 2021 ല്‍ ഹിമാചല്‍ ഗവര്‍ണറും തുടര്‍ന്ന് ബിഹാര്‍ ഗവര്‍ണറുമായി.