മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് അന്തരിച്ചു. ഡൽഹി എയിംസിലായിരുന്നു അന്ത്യം. ഇന്ന് വൈകുന്നേരമാണ് ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രണ്ടു തവണ തുടർച്ചയായി പ്രധാനമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് മന്‍മോഹന്‍ സിങ്. 2009ൽ രണ്ടാം തവണ പ്രധാനമന്ത്രിയായ അദ്ദേഹം രണ്ട് റിക്കോർഡുകൾക്കുടമയാണ്. 1971നു ശേഷം ഇന്ത്യയിൽ കാലാവധി പൂർത്തിയാക്കിയ ഒരു പ്രധാനമന്ത്രിയും അധികാരത്തിൽ മടങ്ങിവന്നിട്ടില്ലായിരുന്നു. മൻമോഹൻ സിങ് ആ റെക്കോർഡാണ് തിരുത്തിയത്. മാത്രമല്ല, കോൺഗ്രസിൽ നെഹ്‌റു- ഇന്ദിരാഗാന്ധി കുടുംബത്തിനു പുറത്തു നിന്നു തുടർച്ചയായി രണ്ടാമതൊരിക്കൽക്കൂടി അധികാരത്തിലെത്തിയ ആദ്യ പ്രധാനമന്ത്രിയുമായി റിസർവ് ബാങ്ക് ഗവർണറും കേന്ദ്രധനമന്ത്രിയുമായ ഏക പ്രധാനമന്ത്രിയുമാണ് അദ്ദേഹം.
ഇന്ത്യൻ സമ്പദ് വ്യവസ്‌ഥയുടെ ഉദാരവൽക്കരണത്തിന്റെ ഉപജ്‌ഞാതാവായി വിശേഷിപ്പിക്കാവുന്ന സാമ്പത്തിക വിദഗ്ധനാണ് മന്‍മോഹന്‍ സിങ്. പുത്തൻ സമ്പത്തികനയത്തിന്റ ശില്പി എന്നറിയപ്പെടുന്ന ധനകാര്യമന്ത്രി. റിസർവ് ബാങ്ക് ഗവർണർ (1982 85), രാജ്യാന്തര നാണ്യനിധിയുടെ ഇന്ത്യയിലെ ഡയറക്‌ടർ (1985), ആസൂത്രണ കമ്മിഷൻ ഉപാധ്യക്ഷൻ (1985 87), ധനമന്ത്രി (1991 96), രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് (1998– 2004) , യുജിസി അധ്യക്ഷൻ തുടങ്ങിയ സ്‌ഥാനങ്ങൾ വഹിച്ചു.
അവിഭക്ത ഇന്ത്യയിൽ പാക്ക് പഞ്ചാബ് പ്രവിശ്യയിൽ ഇസ്‌ലാമാബാദിൽനിന്ന് 80 കിലോമീറ്റർ അകലെ ഗഹ് വില്ലേജിൽ ഗുരുമുഖ് സിങ്ങിന്റെയും അമൃത് കൗറിന്റെയും മകനായി 1932 സെപ്‌റ്റംബർ 26നാണ് മൻമോഹൻസിങിന്റെ ജനനം. പഞ്ചാബ് സർവകലാശാലയിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം നേടി. കേംബ്രിഡ്ജ്, ഒാക്സ്ഫഡ് സർവകലാശാലകളിൽ ഉപരിപഠനം നടത്തി. 1966 വരെ പഞ്ചാബ് സർവകലാശാലയിലും പിന്നീട് ഡൽഹി സർവകലാശാലയിലും അധ്യാപകനായിരുന്നു. ഇതിനിടെ 3 വർഷം യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഒാൺ ട്രേഡ് ആൻഡ് ഡവലപ്മെന്റിന്റെ സാമ്പത്തിക വിദ്ഗ്ധനായി സേവനമനുഷ്ഠിച്ചു. 1972ൽ ധനവകുപ്പിൽ മുഖ്യ സമ്പത്തിക ഉപദ്വേഷ്ടാവായ അദ്ദേഹം 1976ൽ ധനമന്ത്രാലയം സെക്രട്ടറിയായി. 1980–82 കാലയളവിൽ ആസൂത്രണ കമ്മീഷൻ അംഗമായിരുന്നു. 1982ൽ റിസർവ് ബാങ്ക് ഗവർണറായി.
1991ൽ നരസിംഹറാവു പ്രധാനമന്ത്രി ആയപ്പോഴാണു റിസർവ് ബാങ്ക് ഗവർണറായിരുന്ന മൻമോഹൻ സിങിനെ ധനമന്ത്രിയാക്കിയത്. ഇന്ത്യൻ സാമ്പത്തികരംഗം തകർച്ചയിലേക്ക് കൂപ്പുനിൽക്കുകയായിരുന്നു അന്ന്. മൻമോഹൻ സിങ് നടപ്പിലാക്കിയ സാമ്പത്തിക പരിഷ്കരണ നടപടികൾ രാജ്യത്തെ സാമ്പത്തികരംഗത്തുണ്ടായിരുന്ന മാന്ദ്യത്തിനും നിശ്ചലാവസ്ഥയ്ക്കും പരിഹാരം കണ്ടു.
2004ലെ തിരഞ്ഞെടുപ്പിനു ശേഷം കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തതു സോണിയ ഗാന്ധിയെ ആയിരുന്നു. എന്നാൽ, സോണിയ വിസമ്മതിച്ചതിനെ തുടർന്നാണു ഡോ. മൻമോഹൻ സിങ് പ്രധാനമന്ത്രിയായത്. 2004 മേയ് 22നു പ്രധാനമന്ത്രിയായി ആദ്യതവണ സത്യപ്രതിജ്‌ഞ ചെയ്‌തു. 2009 മെയ് 22ന് വീണ്ടും പ്രധാനമന്ത്രി സ്ഥാനത്ത്. സാമ്പത്തിക നയങ്ങൾക്ക് പുറമേ, ബാങ്കിങ് മേഖലയിലെ പരിഷ്കാരങ്ങൾ, കാർഷികവായ്പ എഴുതിത്തളളൽ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ദേശീയ റൂറൽ ഹെൽത്ത് മിഷൻ, യൂണിക്ക് െഎഡറ്റിഫിക്കേഷൻ അതോറിറ്റി ഒാഫ് ഇന്ത്യ രൂപികരണം, വിവരാവകാശ നിയമം തുടങ്ങിയ പ്രവർത്തനങ്ങളിലൂടെയും ശ്രദ്ധേയനാണ് മന്‍മോഹന്‍ സിങ്.