ഇന്ത്യയെ ഡിജിറ്റല്‍ രംഗത്തെ കുതിച്ചു ചാട്ടത്തിന് പ്രാപ്തമാക്കിയതില്‍ മന്‍മോഹന്‍ സിങ് എന്ന തന്ത്രജ്ഞന്‍റെ പങ്ക് ചെറുതല്ല. ലോകസാമ്പത്തിക രംഗത്തെ എണ്ണം പറഞ്ഞ ധനതന്ത്രജ്ഞരില്‍ ഒരാളായിരുന്നു അദ്ദേഹം.രാഷ്ട്രം എങ്ങനെ മുന്നോട്ടുപോകണം എന്നതിനെക്കുറിച്ച് കൃത്യമായ ധാരണ അദ്ദേഹത്തിനുണ്ടായിരുന്നു.1991-ല്‍ നരസിംഹ റാവു സര്‍ക്കാരില്‍ ധനകാര്യ മന്ത്രിയായാണ് മന്‍മോഹന്‍സിങ് രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്.
റാവു മന്ത്രിസഭയില്‍ അംഗമാകുന്നതിന് മുന്‍പേ ആര്‍ബിഐയുടെ ഗവര്‍ണറായും പ്ലാനിങ് കമ്മിഷന്‍ ഡെപ്യൂട്ടി ചെയര്‍മാനായും ജനീവ ആസ്ഥാനമായുള്ള സ്വതന്ത്ര സാമ്പത്തികനയവിദഗ്ധരുടെ കൂട്ടായ്മയായ സൗത്ത് കമ്മിഷന്റെ സെക്രട്ടറി ജനറലായും അദ്ദേഹം കഴിവ് തെളിയിച്ചിരുന്നു.
മന്ത്രിസഭയിലേക്കുള്ള നരസിംഹ റാവുവിന്റെ ക്ഷണം മന്‍മോഹന്‍ സിങിനെ സംബന്ധിച്ചിടത്തോളം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. റാവുവിന്‍റെ ക്ഷണത്തെക്കുറിച്ച് മന്‍മോഹന്‍ സിങ് ഒരിക്കല്‍ പറഞ്ഞത് ഇങ്ങനെ. ‘റാവു മന്ത്രിസഭ രൂപീകരണ ചര്‍ച്ചകളിലേക്ക് കടന്ന ദിവസം പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ എന്റെ അടുക്കലേക്ക് അയച്ചു. പ്രധാനമന്ത്രിക്ക് എന്നെ ധനമന്ത്രിയാക്കാന്‍ താല്പര്യമുണ്ടെന്നായിരുന്നു ലഭിച്ച സന്ദേശം. ഞാന്‍ അത് കാര്യമാക്കിയില്ല. എന്നാല്‍ പിറ്റേന്ന് രാവിലെ റാവുവിന്റെ നേരിട്ടുള്ള ഇടപെടലുണ്ടായി. സത്യപ്രതിജ്ഞയ്ക്ക് തയാറായി രാഷ്ട്രപതി ഭവനിലേക്ക് എത്താനായിരുന്നു നിര്‍ദേശം. ഇതായിരുന്നു എന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം,'
1991-ല്‍ ധനകാര്യ മന്ത്രിയായിരിക്കെയാണ് ഇന്ത്യയിലെ സാമ്പത്തിക ഉദാരവത്കരണത്തിന്റെ ശില്പിയെന്ന തലക്കെട്ട് മന്‍മോഹന്‍ സിങ്ങിന് ലഭിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാക്കുകയും അഴിമതിക്ക് വഴിയൊരുക്കുകയും ചെയ്ത ലൈസന്‍സ് രാജ് റദ്ദാക്കിയതായിരുന്നു അദ്ദേഹത്തിന്‍റെ സുപ്രധാന നടപടികളിലൊന്ന്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ഉദാരമാക്കി. പിന്നീട് പ്രധാനമന്ത്രി സ്ഥാനത്ത് (2004-09, 2009-14) എത്തിയപ്പോഴും വളര്‍ച്ചയെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള നടപടികളായിരുന്നു അദ്ദേഹത്തിന്‍റേത്.ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളര്‍ച്ച കൈവരിക്കുന്ന രണ്ടാമത്തെ സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറിയത് മന്‍മോഹന്‍ സര്‍ക്കാരിന്റെ കാലത്താണ്.
ഇന്ന് രാജ്യത്തെ സാധാരണക്കാരന് താങ്ങായ നിരവധി പദ്ധതികളുടെ ശില്‍പി കൂടിയാണ് മന്‍മോഹന്‍ സിംങ്.മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതി ഉള്‍പ്പെടെയുള്ള സാമൂഹികക്ഷേമ പദ്ധതികള്‍ക്ക് തുടക്കമിട്ടതും മന്‍മോഹന്‍ സിങ് സര്‍ക്കാരായിരുന്നു.2009-ല്‍ കുട്ടികള്‍ക്ക് സൗജന്യവും നിര്‍ബന്ധിതവുമായുള്ള വിദ്യാഭ്യാസ അവകാശം നല്‍കുന്ന നിയമം പാര്‍ലമെന്റ് പാസാക്കി.
2010-ല്‍ നിയമം നിലവില്‍ വന്നു.ഇതോടെ വിദ്യാഭ്യാസം കുട്ടികളുടെ മൗലിക അവകാശമായി കണക്കാക്കുന്ന ലോകത്തിലെ 135 രാജ്യങ്ങളിലൊന്നായി ഇന്ത്യയും മാറി. ഇന്തോ - അമേരിക്ക ആണവ കരാര്‍, വിവരാവകാശ നിയമം, ആധാറിന്റെ ആശയം അവതരിപ്പിച്ചതുമെല്ലാം മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ സുപ്രധാന നീക്കങ്ങളില്‍ ഉള്‍പ്പെടുന്നു.