വിമാന യാത്രക്കാരുടെ ബഗേജ് നിയമങ്ങൾ കർശനമാക്കി ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി. യാത്രക്കാർക്ക് ഇനി മുതൽ ഒരു ഹാൻഡ് ബാഗ്/ ക്യാബിൻ ബാഗ് മാത്രമെ വിമാനത്തിൽ അനുവദിക്കുകയുള്ളൂ. അന്താരാഷ്ട്ര, ആഭ്യന്തര യാത്രകളിൽ ഈ നിയമം ബാധകമാകും. ഇക്കണോമി ക്ലാസിൽ അനുവദിക്കുന്ന ഹാൻഡ് ബാഗിന്റെ ഭാരം ഏഴ് കിലോ ഗ്രാമാണ്. ബിസിനസ് ക്ലാസ് യാത്രക്കാർക്ക് 10 കിലോ വരെ ഭാരമുള്ള ഹാൻഡ് ബഗ് അനുവദിക്കും. അധികമായി ബാഗ് കൈയിലുണ്ടെങ്കിൽ അത് ചെക് ഇൻ ചെയ്യേണ്ടി വരുമെന്നും ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.
ബാഗുകളുടെ വലിപ്പത്തിലും നിയമങ്ങൾ കർശനമാക്കുകയാണ്. ഹാൻഡ് ബാഗുകൾക്ക് ഒരേ വലുപ്പം വേണമെന്നതാണ് മറ്റൊരു ചട്ടം. 55 സെന്റീമീറ്റർ ഉയരവും 40 സെന്റീമീറ്റർ നീളവും 20 സെന്റീമീറ്റർ വീതിയുമുള്ള ബാഗുകളാണ് അനുവദിക്കുക. എല്ലാ ക്ലാസുകളിലുമുള്ള യാത്രക്കാർക്ക് ഇത് ബാധകമാവും. യാത്രക്കാരുടെ ഹാൻഡ് ബഗേജിന്റെ ഭാരം അല്ലെങ്കിൽ വലുപ്പം നിയന്ത്രണ പരിധി കവിയുകയാണെങ്കിൽ അധിക ബാഗേജ് ഫീസ് ഈടാക്കും.
2024 മെയ് നാലിന് മുൻപാണ് ടിക്കറ്റ് ബുക്ക് ചെയ്തതെങ്കിൽ പുതിയ ഭാര നിയന്ത്രണങ്ങൾ ബാധകമാകില്ല. ഇവർക്ക് ഇക്കോണമി ക്ലാസിൽ 8 കിലോയും പ്രീമിയം ഇക്കോണമി ക്ലാസിൽ 10 കിലോയും വരെ കൊണ്ടുപോകാം. ബിസിനസ് ക്ലാസിൽ 12 കിലോയാണ് അനുവദനീയം. മെയ് നാലിന് മുൻപ് ബുക്ക് ചെയ്ത ടിക്കറ്റിൽ മാറ്റം വരുത്തിയിട്ടുണ്ടെങ്കിൽ പുതിയ നിയമമാണ് ബാധകമാകുക.
ഇൻഡിഗോ, എയർ ഇന്ത്യ തുടങ്ങിയ എയർലൈനുകൾ പുതിയ ചട്ടങ്ങൾ അവരുടെ ബാഗേജ് നയങ്ങൾ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്നതിനാൽ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനുമുള്ള സർക്കാർ ശ്രമങ്ങളുടെ ഭാഗമാണിത്. സെക്യൂരിറ്റി ചെക്ക്‌പോയിയിലെ തിരക്ക് കുറയ്ക്കുന്നതിലൂടെ വിമാനത്താവള പ്രവർത്തനങ്ങൾ സുഗമമാക്കുന്നതാണ് ലക്ഷ്യം.