മുസ്‍ലിങ്ങൾ പുതുവർഷ ആഘോഷങ്ങളിൽ നിന്ന് മാറി നിൽക്കണമെന്ന് ആവശ്യപ്പെട്ട് ഫത്വ ഇറക്കി ഓൾ ഇന്ത്യ മുസ്‍ലിം ജമാഅത്ത് ദേശീയ പ്രസിഡൻറ് മൗലാന ഷഹാബുദ്ദീൻ റസ്വി ബറേൽവി. പുതുവർഷം ആഘോഷിക്കുന്നതിന് പകരം വിശ്വാസവുമായി പൊരുത്തപ്പെടുന്ന മതപരമായ ചടങ്ങുകളിൽ ശ്രദ്ധിക്കാനാണ് നിർദ്ദേശം.
ചെറുപ്പക്കാരും ചെറുപ്പകാരികളും പുതുവർഷം ആഘോഷിക്കേണ്ടതില്ല. പുതുവർഷാഘോഷം ഇസ്‍ലാമിക പ്രബോധനങ്ങളോടും ചിന്തകളോടും പൊരുത്തപ്പെടുന്നതല്ലെന്നാണ് ബറേൽവിയുടെ വാദം. പുതുവർഷം എന്നത് ക്രിസ്ത്യൻ കലണ്ടറിൻറെ തുടക്കമാണ്. മതപരമല്ലാത്ത ചടങ്ങുകൾ ആഘോഷിക്കുന്നത് മുസ്‍ലിങ്ങളെ അനുവദിക്കുന്നില്ല. അതിനാൽ പുതുവർഷത്തിൽ ആഘോഷിക്കുകയോ അഭിനന്ദിക്കുകയോ ചെയ്യേണ്ടതകില്ലെന്നാണ് ബറേൽവി പറയുന്നത്. ഇതിന് പകരം മതപരമായ ചടങ്ങുകളിൽ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് പതിറ്റാണ്ടായി നിരോധിച്ചിരുന്ന സൽമാൻ റുഷ്ദിയുടെ " ദ സാത്താനിക് വേഴ്‌സ് എന്ന പുസ്തകം വീണ്ടും വിൽപ്പനയെക്കെത്തിയതിനെയും അദ്ദേഹം വിമർശിച്ചു. പുസ്തകത്തിന്റെ നിരോധനം നീക്കുന്നതിന് മുൻപ് നിരോധനത്തിന് വേണ്ടി വാദിക്കുന്നവരുമായി ചർച്ച വേണമായിരുന്നു എന്നും ബറേൽവി പറഞ്ഞു. പുസ്തകത്തിന്റെ വിൽപ്പന രാജ്യത്തിന്റെ സമൂഹികവും മതപരവുമായ ഘടനയെ ബാധിക്കുമെന്നും 1980 കളിലേത് പോലെ സർക്കാർ നിരോധനം തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു