ആലപ്പുഴ എക്സൈസ് ഡപ്യൂട്ടി കമ്മിഷണറെ സ്ഥലംമാറ്റി. യു.പ്രതിഭ എംഎല്‍എയുടെ മകനെ കഞ്ചാവുമായി പിടികൂടിയ കേസിന് പിന്നാലെയാണ് സ്ഥലംമാറ്റം. വിരമിക്കാന്‍ 5 മാസം മാത്രം ബാക്കിയുള്ള പി.കെ.ജയരാജിനെ മലപ്പുറത്തേക്കാണ് സ്ഥലംമാറ്റിയത്. 

Read Also: ‘ഞാന്‍ മദ്യത്തിനും ലഹരിമരുന്നിനും എതിരെ പ്രവർത്തിക്കുന്ന സ്ത്രീ, മകന്‍ നിരപരാധി’; യു പ്രതിഭ എംഎല്‍എ

യു.പ്രതിഭ എംഎൽഎയുടെ മകൻ ഉൾപ്പെടെ 9 പേരെ 3 ഗ്രാം കഞ്ചാവുമായി എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. തകഴി പുലിമുഖം ജെട്ടിക്ക് സമീപം ഒരു സംഘം യുവാക്കൾ  ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതായി സന്ദേശം കിട്ടിയതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് കഞ്ചാവ് വലിച്ചുകൊണ്ടിരുന്ന 9 പേരെയും അറസ്റ്റ് ചെയ്തതെന്നാണ് എക്സൈസ് അറിയിച്ചത്.

കനിവ്, സച്ചിൻ, മിഥുൻ, ജെറിൻ, ജോസഫ്, ബെൻസ്, സജിത്, അഭിഷേക്, സോജൻ എന്നിവരെയാണ് സിഐ ആർ.ജയരാജും സംഘവും അറസ്റ്റ് ചെയ്തത്. 3 ഗ്രാം കഞ്ചാവ് കൈവശം വച്ചതിനും കഞ്ചാവ് വലിച്ചതിനുമാണ് കേസെടുത്തത്. പ്രതിഭയുടെ മകനെതിരെ, കഞ്ചാവ് വലിച്ചതിനുള്ള എൻടിപിഎസ് 27 വകുപ്പ് മാത്രമാണു ചുമത്തിയത്. പ്രതിപ്പട്ടികയിൽ ഒൻപതാമതായാണു കനിവിന്റെ പേര് ചേർത്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത പ്രതികളെ ജാമ്യത്തിൽ വിട്ടു. 

തന്റെ മകന്റെ കയ്യിൽ നിന്നു കഞ്ചാവ് പിടികൂടിയിട്ടില്ലെന്ന വിശദീകരണവുമായി യു.പ്രതിഭ എംഎൽഎ പിന്നീട് പറഞ്ഞിരുന്നു. 30 ഗ്രാം കഞ്ചാവുമായി മകനെ അറസ്റ്റ് ചെയ്തെന്ന വാർത്ത തെറ്റാണെന്നും മകൻ സുഹൃത്തുക്കളുമായി ഒരുമിച്ചിരിക്കുമ്പോൾ എക്സൈസ് ചോദ്യം ചെയ്യുക മാത്രമാണുണ്ടായതെന്നും പ്രതിഭ പറഞ്ഞു. പ്രതിഭയുടെ മകൻ കനിവിനെ കഞ്ചാവുമായി എക്സൈസ് അറസ്റ്റ് ചെയ്തെന്നു വാർത്തകൾ പുറത്തുവന്നതിനു പിന്നാലെയായിരുന്നു സമൂഹമാധ്യമത്തിൽ പ്രതിഭയുടെ വിശദീകരണം. വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ രൂക്ഷവിമർശനമാണ് പ്രതിഭ നടത്തിയത്.

ENGLISH SUMMARY:

Excise Deputy Commissioner transferred