ചൈനയിൽ ഹ്യൂമൻ മെറ്റാ‌ന്യൂമോ വൈറസ് പടർന്നുപിടിക്കുന്നതിൽ നിലവിൽ ഇന്ത്യയിൽ  ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രാലയം.  രാജ്യത്ത് ഇതുവരെ എച്ച്എംപിവി റിപ്പോർട്ട് ചെയ്തിട്ടില്ല. ശ്വാസകോശ സംബന്ധമായ രോഗങ്ങളില്‍ ഇന്ത്യയില്‍ കാര്യമായ വര്‍ധനയില്ലെന്നും മന്ത്രാലയം അറിയിച്ചു. 

ജലദോഷവും പനിയും പടര്‍ത്തുന്ന വൈറസാണ് ഹ്യൂമൻ മെറ്റാ‌ന്യൂമോ എന്നാണ് റിപ്പോര്‍ട്ട്. വൈറസ് പിടിപെട്ടാല്‍ ശ്വാസകോശത്തെയാണ് ബാധിക്കുക. പനി,ജലദോഷം,ഫ്ലൂ,ചുമ,തുമ്മല്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ശരീരസ്രവങ്ങളിലൂടെ പകരുന്ന ഇവ പ്രതിരോധ ശേഷി കുറഞ്ഞവരില്‍ ബ്രോങ്കൈറ്റിസ് ,ന്യുമോണിയ എന്നിവയായി മാറും. ഇതിന്  വാക്സിനോ ആന്റി വൈറല്‍ മരുന്നുകളോയില്ല.

വൈറസ് ബാധിച്ചാല്‍ കോവിഡ് കാലത്തെ പോലെ മാസ്ക് ഉപയോഗവും ഇടയ്ക്കിടെ കൈകഴുകുന്നതുമാണ് പ്രതിരോധ മാര്‍ഗം. ചൈനയിലെ രോഗവ്യാപനത്തില്‍ ഇന്ത്യയില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സ്ഥിതിയില്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ പ്രതികരണം. മറ്റ് ശ്വാസകോശ അണുബാധകള്‍ക്കെതിരെ എടുക്കേണ്ട മുന്‍കരുതല്‍ സ്വീകരിച്ചാല്‍ മതി. ഇത്തരം  അസുഖങ്ങൾ കൈകാര്യം ചെയ്യാൻ ഇന്ത്യയിലെ ആശുപത്രികൾ സജ്ജമാണെന്നും ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസസ് അതുൽ ഗോയൽ പറഞ്ഞു. 

ചൈനയിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.  ചൈനയിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർധിച്ചതായി റിപ്പോർട്ടുണ്ടെങ്കിലും ഇന്ത്യയിൽ അസാധാരണമായ വർധന രേഖപ്പെടുത്തിയിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു.

ENGLISH SUMMARY:

Human Metapneumovirus Spreading in China; No Need to Worry, Country is Prepared: Health Ministry.