ഡല്‍ഹി മുഖ്യമന്ത്രിയുടെ വസതി നവീകരണത്തിനായി ചിലവാക്കിയത് 33 കോടി രൂപയെന്ന് സിഎജി റിപ്പോര്‍ട്ട്. 7.9 കോടി എസ്റ്റിമേറ്റ് ഇട്ടിടത്താണ് 33 കോടി രൂപ ചിലവാക്കിയതെന്ന് കണ്‍ട്രോളര്‍ ആന്‍ഡ് ഒഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 

2020  മുതല്‍ നടത്തിയ നവീകരണത്തിന്‍റെ കണക്കുകളാണ് സിഎജി റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നിട്ടുള്ളത്. മുഖ്യമന്ത്രിയുടെ വസതിയിലേക്ക്  വാങ്ങിയ വീട്ടുപകരണങ്ങളുടെയും,  ഒരുക്കിയ ആഡംബര സൗകര്യങ്ങളുടെയും  പട്ടികയും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.   28.9 ലക്ഷം രൂപയ്ക്ക് വാങ്ങിയ 88 ഇഞ്ച് OLED ടിവി (8K LG)യാണ് ഇതില്‍ പ്രധാനം. ഇതിന് പുറമേ  10 OLED ടിവികള്‍ക്കായി (4K സോണി)  43.9 ലക്ഷവും, സാംസങ് ഫ്ലെക്സ് ഫാമിലി ഹബ് ഫ്രഞ്ച് മൾട്ടി-ഡോർ റഫ്രിജറേറ്ററിനായി  3.2 ലക്ഷവും, മൈക്രോവേവ് ഓവന്  1.8 ലക്ഷവും , രണ്ട് സ്റ്റീം ഓവനായി 6.5 ലക്ഷവും , ഫ്രണ്ട് ലോഡിംഗ് ഓട്ടോമാറ്റിക് വാഷിംഗ് മെഷീന്  1.9 ലക്ഷവും, സോഫകളും കിടക്കകളും വാങ്ങാനായി 13ലക്ഷവും ചെലവിട്ടെന്നാണ്  സിഎജി കണക്ക് .

പൊതുമരാമത്ത് വകുപ്പ് 19.5 ലക്ഷം രൂപ ചെലവിൽ ജാക്കൂസി, സ്പാ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. ഏഴ് സെർവന്‍റ്സ് ക്വാർട്ടേഴ്സുകളുടെ നിർമാണത്തിന് 19.8 കോടി രൂപ അധികമായി ചെലവഴിച്ചു. 2022 മാർച്ച് വരെയുള്ള കാലയളവിലെ നവീകരണ പ്രവര്‍ത്തനങ്ങളുടെ കണക്കാണിത്.  ബംഗ്ലാവിന്‍റെ നവീകരണ ജോലികൾ 2023 പകുതി വരെയെങ്കിലും തുടർന്നെന്നാണ് ഡൽഹി സർക്കാർ വൃത്തങ്ങൾ പറയുന്നത്.    

2024 സെപ്തംബർ വരെ അരവിന്ദ് കെജ്‌രിവാൾ താമസിച്ചിരുന്ന ബംഗ്ലാവിന്‍റെ നവീകരണം ഡൽഹി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഒരു പ്രധാന വിഷയമായി മാറിയിരുന്നു. കോവിഡ് മഹാമാരി സമയത്ത് പൊതുപണമുപയോഗിച്ച്   ബംഗ്ലാവ് മോടി പിടിപ്പിച്ചതിനെതിരെ  ബിജെപിയും കോൺഗ്രസും രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രണ്ട് തവണ വിഷയം ഉന്നയിച്ചിരുന്നു. 

അതേസമയം,  തെളിവുകളുടെ അഭാവത്തിൽ ചെലവിന്‍റെ ആധികാരികത ഉറപ്പാക്കാൻ കഴിയില്ലെന്ന് സിഎജി റിപ്പോർട്ടിൽ  സുചിപ്പിച്ചിട്ടുണ്ടെന്ന്  ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ബംഗ്ലാവ് നവീകരിക്കുന്നതിനുള്ള സാധ്യതാ പഠനം പിഡബ്ല്യുഡി നടത്തിയിട്ടില്ല. ലഭ്യമായ രേഖകളിലാണ് ഓഡിറ്റ് നടത്തിയത്. രേഖകളുടെ ലഭ്യതക്കുറവ് എക്‌സിക്യൂട്ടീവ് എൻജിനീയറുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.  പലതവണ ആവശ്യപ്പെട്ടിട്ടും പൂർണമായ രേഖകൾ ലഭ്യമാക്കിയില്ലെന്ന് സിഎജി ലഫ്റ്റനന്‍റ് ഗവർണർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

കൂടാതെ, പിഡബ്ല്യുഡി പ്രാഥമിക എസ്റ്റിമേറ്റ് നാല് തവണ പരിഷ്കരിച്ച രീതിയിലും ക്രമക്കേട‌ുള്ളതായി  ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ട്. 25.8 കോടി രൂപയുടെ അധിക പ്രവൃത്തികൾക്കായി ടെൻഡർ ചെയ്യാനുള്ള സാധ്യതകൾ പരിശോധിച്ചിട്ടില്ല, ഇതില്‍ 18 കോടി രൂപയും വീട് അലങ്കരിക്കുന്നതിനുള്ള വസ്തുക്കള്‍ക്കായാണ് ചെലവിട്ടത് 

സ്റ്റാഫ് ബ്ലോക്കിന്‍റെ നിർമാണത്തിനായി നീക്കിവച്ച 19.8 കോടി രൂപ വകമാറ്റി ഏഴ് സർവന്‍റ് ക്വാർട്ടേഴ്‌സ് നിർമിച്ചതും റിപ്പോര്‍ട്ടിലുണ്ട്.  6 ഫ്ലാഗ് സ്റ്റാഫ് റോഡ് വസതിയിൽ 21,000 ചതുരശ്ര അടി വിസ്തൃതിയില്‍  നിര്‍മിച്ച കെട്ടിടത്തില്‍ എട്ട് കിടപ്പുമുറികൾ, മൂന്ന് മീറ്റിംഗ് റൂമുകൾ, രണ്ട് ഡ്രോയിംഗ് റൂമുകൾ, രണ്ട് അടുക്കളകൾ, 12 ടോയ്‌ലറ്റുകൾ, ഒരു ഡൈനിംഗ് ഹാൾ എന്നിവയുണ്ട്.

മൂന്ന് നിലകളുള്ള കെട്ടിടത്തിൽ 24 സോഫ സെറ്റുകൾ, 76 മേശകൾ, 45 കസേരകൾ, എട്ട് കിടക്കകൾ, നാലുലക്ഷം രൂപ വിലമതിക്കുന്ന അഞ്ച് റിക്ലിനർ സോഫകൾ  എന്നിവയാണുള്ളത്. 2024 ഒക്‌ടോബർ 11-ന് പിഡബ്ല്യുഡി തയ്യാറാക്കിയ വസ്തുവിവര  പട്ടികയില്‍ , അടുക്കള, ടോയ്‌ലറ്റുകൾ, വാഷിംഗ് ഏരിയ, ജിം, മറ്റ് സൗകര്യങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ 75 ബോസ് സീലിംഗ് സ്പീക്കറുകളും 50 ഇൻഡോർ എസികളും സ്ഥാപിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്.

നവീകരണ പ്രവർത്തനങ്ങൾക്കായി പിഡബ്ല്യുഡി മൂന്ന് കൺസൾട്ടൻസി സ്ഥാപനങ്ങളെ തിരഞ്ഞെടുത്തതിനെയും സിഎജി ചോദ്യം ചെയ്തിട്ടുണ്ട്. ഈ സ്ഥാപനങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അടിസ്ഥാനം ഏതാണെന്ന് പിഡബ്ല്യുഡി അറിയിച്ചിട്ടില്ല.  കരാറുകാരെ തിരഞ്ഞെടുത്തത് ഏകപക്ഷീയമാണെന്ന് സിഎജി നിരീക്ഷിച്ചു.

ENGLISH SUMMARY:

More than Rs 33 crore was spent on renovation of the Delhi chief minister's residence as against the initial estimate of Rs 7.9 crore, the Comptroller and Auditor General (CAG) has estimated.