ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്നറിയാം. തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്നുച്ചയ്ക്ക് രണ്ടുമണിക്ക് വാർത്താ സമ്മേളനം വിളിച്ചു. ഏഴാം നിയമസഭയുടെ കാലാവധി ഫെബ്രുവരി 15ന് അവസാനിക്കും. രാഷ്ട്രീയ ആരോപണങ്ങളും പ്രചാരണ തന്ത്രങ്ങളുമായി കടുത്ത ത്രികോണ മത്സരത്തിനാണ് ഡൽഹി സാക്ഷിയാകുക. തുടർച്ചയായി മൂന്നാം വട്ടവും അധികാരത്തിലേറാൻ ശ്രമിക്കുകയാണ് എഎപി (ആംആദ്മി പാർട്ടി). ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായി നിന്നു മത്സരിച്ച കോൺഗ്രസും എഎപിയും ഇത്തവണ നേർക്കുനേർ പോരാട്ടം നടത്തുകയാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിന്നാലെ എഎപി നേതാവ് അരവിന്ദ് കേജ്‍രിവാളിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും രംഗത്തെത്തിയിരുന്നു. ഡൽഹി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്കായി കോടികൾ പൊടിച്ചെന്ന് ആരോപിച്ചാണ് ബിജെപി നേതാക്കൾ കേജ്‍രിവാളിനെതിരെ രംഗത്തുന്നത്.
വിലക്കയറ്റം ചെറുക്കാൻ റേഷൻ കിറ്റ് ഉൾപ്പെടെ വമ്പൻ സൗജന്യ വാഗ്ദാനങ്ങൾ നൽകാൻ കോൺഗ്രസ് തീരുമാനം. കർണാടകയിലും തെലങ്കാനയിലും വിജയം കണ്ട രീതിയിൽ, ഘട്ടം ഘട്ടമായി വാഗ്ദാനങ്ങൾ അവതരിപ്പിക്കാനാണ് കോൺഗ്രസിന്റെ ശ്രമം.
ആം ആദ്മി പാർട്ടി മുഴുവൻ സ്ഥാനാർഥികളെയും പ്രഖ്യാപിച്ച് നേരത്തെ തന്നെ പ്രചാരണം തുടങ്ങിയിരുന്നു. 2020ൽ എഴുപതിൽ 62 സീറ്റുകൾ നേടിയാണ് എഎപി അധികാരത്തിലേറിയത്.