TOPICS COVERED

ഈ മാസം 15 മുതല്‍ എ.ഐ.സി.സിക്ക് പുതിയ മേല്‍വിലാസം. 24 അക്ബര്‍ റോഡിലെ കെട്ടിടത്തില്‍നിന്ന് കോട്‌ല റോഡിലെ 9 എയിലേക്ക് ആസ്ഥാനം മാറുന്നു. 2009 ല്‍ മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരിക്കെ തറക്കല്ലിട്ട കെട്ടിടമാണ് ഒന്നരപ്പതിറ്റാണ്ടിനു ശേഷം ഉദ്ഘാടനംചെയ്യുന്നത് 

24 അക്ബര്‍ റോഡ്.  47 വര്‍ഷമായി കോണ്‍ഗ്രസിന്‍റെ വിലാസമായിരുന്നു ഈ വെളുത്ത കെട്ടിടം. പാര്‍ട്ടിയുടെ വളര്‍ച്ചയും തളര്‍ച്ചയും കണ്ട, ഒട്ടേറെ ചരിത്രനിമിഷങ്ങള്‍ക്ക് സാക്ഷിയായ ആ വിലാസം വഴിമാറുകയാണ്  9 എ കോട്ല റോഡിലേക്ക്. പഴയ ഒറ്റനിലക്കെട്ടിടത്തില്‍നിന്ന് സ്വന്തം സ്ഥലത്തെ പുതിയ ആറുനില കെട്ടിടത്തിലേക്കെത്തുമ്പോള്‍ ആസ്ഥാന മന്ദിരം ഇന്ദിരഗാന്ദി ഭവന്‍ ആയി മാറും. ഒന്നരപ്പതിറ്റാണ്ട് മുന്‍പ് മന്‍മോഹന്‍ സിങ് തറക്കല്ലിടുമ്പോള്‍ പാര്‍ട്ടി അധ്യക്ഷയായിരുന്ന സോണിയാ ഗാന്ധിയാണ് 15 ന് പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനംചെയ്യുന്നത്. 

സ്വന്തം സ്ഥലത്തേക്ക് മാറുമ്പോഴും 24 അക്ബര്‍ റോഡ് ഉപേക്ഷിക്കില്ലെന്ന് കോണ്‍ഗ്രസ് പറയുന്നു. 1978 ല്‍ ഇന്ദിരാ ഗാന്ധിയുടെ കാലത്താണ് 24 അക്ബര്‍ റോഡിലേക്ക് കോണ്‍ഗ്രസ് ആസ്ഥാനം മാറുന്നത്. അടിയന്തരാവസ്ഥയ്ക്കു പിന്നാലെ പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാവുകയും വിമതര്‍ അന്നത്തെ കോണ്‍ഗ്രസ് ആസ്ഥാനം കയ്യടക്കുകയും ചെയ്തപ്പോള്‍ എം.പിയായിരുന്ന ജി വെങ്കടസ്വാമി അദ്ദേഹത്തിന്‍റെ ഔദ്യോഗിക വസതി  പാര്‍ട്ടിക്ക് നല്‍കുകയായിരുന്നു. അതാണ് പാര്‍ട്ടി ആസ്ഥാനമായി മാറിയത്.

ENGLISH SUMMARY:

New address for AICC from 15th of this month