മഹാരാഷ്ട്രയില്‍ എന്‍.സി.പി ശരദ് പവാര്‍ വിഭാഗം, ബി.ജെ.പി ക്യാംപിലുള്ള അജിത് പവാറിനോട് അടുക്കുന്നുവെന്നെ അഭ്യൂഹങ്ങള്‍ തള്ളി പാര്‍ട്ടി നേതൃത്വം. ശരദ് പക്ഷത്തെ എം.പിമാര്‍ മറുപക്ഷത്തേക്ക് കൂടുമാറി മറ്റൊരു പിളര്‍പ്പിന് കളമൊരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.
എന്‍സിപിയിലെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള ലയനം എന്ന പേരില്‍ തുടങ്ങിയ ചര്‍ച്ചകളാണ് പാര്‍ട്ടിയില്‍ മറ്റൊരു പിളര്‍പ്പെന്ന അഭ്യൂഹങ്ങള്‍ക്ക് വഴിമരുന്നിട്ടത്. ശരദ് പവാറിന്‍റെ ജന്‍മദിനത്തില്‍ അജിത് പവാര്‍ കാണാനെത്തിയതും ഇരുപക്ഷവും ഒരുമിക്കണമെന്ന അജിത് പവാറിന്‍റെ അമ്മയുടെ ഉപദേശവും ചേര്‍ത്തുവച്ചായിരുന്നു ചര്‍ച്ചകള്‍. ശരദ് പവാറും സുപ്രിയ സുളെയും ഒഴികെയുള്ള ഏഴ് പാര്‍ട്ടി എം.പിമാരെ ചാക്കിട്ട് പിടിക്കാന്‍ സുനില്‍ തത്കരയെ എതിര്‍പക്ഷം നിയോഗിച്ചെന്നും സൂചനകള്‍ വന്നു. ലോക്സഭയിലെ കനത്ത പരാജയത്തില്‍ നിരാശരായ എം.പിമാരുടെ നീക്കമെന്നും വിശേഷിക്കപ്പെട്ടു. സുപ്രിയ സുളെയെ കേന്ദ്രമന്ത്രിയാക്കിയുള്ള ഡീലാണ് പറഞ്ഞുകേട്ടത്. എന്നാല്‍ അഭ്യൂഹങ്ങള്‍ രോഹിത് പവാര്‍ പൂര്‍ണമായും തള്ളി.
ഇത്തരം വാര്‍ത്തകള്‍ പുറത്തുവരുന്നതിലെ അതൃപ്തി ശരദ് പവാര്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പവാറിന്‍റെ മൗനാനുവാദത്തോടെ എം.പിമാര്‍ ബിജെപി ക്യാംപിലെത്തുമെന്ന ചര്‍ച്ചകളില്‍ കഴമ്പില്ലെന്നാണ് രാഷ്ട്രീയ നീരീക്ഷകരുടെ വിലയിരുത്തല്‍.