സിപിഎം കേന്ദ്രനേതൃത്വത്തെ ഇടപെടുത്തി മന്ത്രസ്ഥാനം സ്വന്തമാക്കാനുള്ള തോമസ് കെ തോമസിന്‍റെ ശ്രമവും ഫലം കണ്ടില്ല. ഇന്നലെ ശരത് പവാറുമായി ചര്‍ച്ച നടത്തിയ തോമസ് കെ തോമസ് ഇന്ന് വീണ്ടും ചര്‍ച്ചയുണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും പവാര്‍ സമയം നല്‍കാത്തതിനെ തുടര്‍ന്ന് പുലര്‍ച്ച കേരളത്തിലേക്ക് മടങ്ങി. ശരദ് പവാറിനോട് എല്ലാം പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രിയെ ഉടന്‍ കാണുമെന്നുമാണ് തോമസ് കെ തോമസിന്‍റെ പ്രതികരണം
തോമസ് കെ തോമസിന് മന്ത്രിസ്ഥാനം ലഭിക്കില്ലെന്ന് സൂചിപ്പിക്കുന്നതാണ് എ കെ ശശീന്ദ്രന്‍റെ പ്രതികരണം.നിലവിലെ മന്ത്രിസ്ഥാനം രാജിവെച്ചാല്‍ പുതിയ മന്ത്രിയെ നല്‍കില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാടെന്നും ശശീന്ദ്രന്‍ സൂചിപ്പിച്ചു.
രാജിവെച്ചാല്‍ അതു മുഖ്യമന്ത്രിയോടുള്ള എതിര്‍പ്പാകും. തോമസ് കെ.തോമസിനു മന്ത്രിയാകുന്നതില്‍ താന്‍ ഒരിക്കലും തടസമാകില്ലെന്നും മന്ത്രിമാറുന്നതില്‍ വിയോജിപ്പ് മുഖ്യമന്ത്രിക്കാണെന്നും മന്ത്രി എ.കെ.ശശീന്ദ്രന്‍. എന്‍സിപി മന്ത്രിമാറ്റം ദേശീയതലത്തിലല്ല കേരളത്തിലാണ് പരിഗണിക്കേണ്ടത് വ്യക്തമാക്കി തോമസിന്‍റെ നീക്കത്തിലുള്ള അതൃപ്തി ടിപി രാമകൃഷ്ണന്‍ പ്രകടമാക്കി.
എന്‍സിപിക്ക് മന്ത്രിമാറ്റത്തിന് താല്പര്യമുണ്ടെന്ന് മുഖ്യമന്ത്രിയ ധരിപ്പിക്കാനാണ് സിപിഎം കോര്‍ഡിനേറ്ററായ പ്രകാശ് കാരാട്ടിനോട് ശരത് പവാര്‍ അഭ്യര്‍ഥിച്ചിരിക്കുന്നത്. ഇതേപറ്റിയുള്ള ചോദ്യങ്ങളില്‍ നിന്ന് കാരാട്ട് ഒഴിഞ്ഞുമാറി.
തോമസ് കെ തോമസിനെതിരെ കൂറമാറ്റ കോഴ ആരോപണം ഉയര്‍ന്നതോടെ മന്ത്രിസഭയിലേക്ക് പരിഗണിക്കാനാവില്ലെന്ന് മുഖ്യമന്ത്രി തോമസ് കെ തോമസിനോടും , പിസി ചാക്കോയോടും നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഇതിനെ മറികടക്കാന്‍ സിപിഎം കേന്ദ്രനേതൃത്വത്തെ കൂട്ടുപിടിക്കാനുള്ള പിസി ചാക്കോയുടെ നീക്കം ഫലം കാണുമെന്നതില്‍ ഉറപ്പില്ല.