ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചഹലും ധനശ്രീ വര്‍മയും വേര്‍പിരിയുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് റേഡിയോ ജോക്കിയും യൂട്യൂബറുമായ മെഹ്വാഷിന്റെ പേര് വാര്‍ത്തകളില്‍ നിറഞ്ഞത്. ചഹലുമൊത്തുള്ള ക്രിസ്മസ് പാര്‍ട്ടിയിലെ ചിത്രങ്ങള്‍ക്ക് പിന്നാലെ മുംബൈയില്‍ ഹോട്ടലിലും ഇരുവരെയും ഒന്നിച്ച് കണ്ടതിന് പിന്നാലെയാണ് പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞത്. ഫൊട്ടോഗ്രാഫര്‍മാരെക്കണ്ട് ചഹല്‍ മുഖം മറയ്ക്കുന്നതും മെഹ്വാഷ് അമ്പരന്ന് നില്‍ക്കുന്നതിന്റെയും ചിത്രങ്ങളും വിഡിയോകളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മെഹ്വാഷ് വാര്‍ത്തകള്‍ നിഷേധിച്ച് രംഗത്തെത്തിയിരിക്കുന്നത്.
തീര്‍ത്തും അവാസ്തവമായ വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്നും അവര്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു. ‘ചില ഊഹാപോഹങ്ങളും വാര്‍ത്തകളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് ഞാന്‍ കണ്ടു. വാസ്തവമേതുമില്ലാത്ത ഇത്തരം അഭ്യൂഹങ്ങളൊക്കെ കണ്ടപ്പോള്‍ നല്ല തമാശയായാണ് തോന്നിയത്. എതിര്‍ലിംഗത്തിലുള്ള ഒരാളുമൊത്ത് നിങ്ങളെ എവിടെയെങ്കിലും വച്ച് കണ്ടാല്‍ അതിനര്‍ഥം പ്രണയത്തിലാണെന്നാണോ? ക്ഷമിക്കണം, ഇത് ഏത് കാലത്തിലാണ് നിങ്ങള്‍ ജീവിക്കുന്നത്? അങ്ങനെയെങ്കില്‍ നിങ്ങള്‍ എത്ര പേരെ പ്രണയിച്ചു? രണ്ട് മൂന്ന് ദിവസമായി ഞാന്‍ ക്ഷമിച്ചിരുന്നു. പക്ഷേ മറ്റൊരാളെ താറടിച്ച് കാണിക്കുന്നതിനായി എന്റെ പേര് വലിച്ചിഴയ്ക്കാന്‍ ഞാന്‍ ഒരു പി.ആര്‍ ഏജന്‍സിയെയും അനുവദിക്കില്ല. ബുദ്ധിമുട്ടേറിയ സമയത്ത് ആളുകള്‍ അവരുടെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം സമാധാനമായിരുന്നോട്ടെ, ദയവ് ചെയ്ത് അതിന് അനുവദിക്കൂ.’- മെഹ്വാഷ് കുറിച്ചു.
കോവിഡ് കാലത്താണ് നര്‍ത്തകിയായ ധനശ്രീ വര്‍മയും ചഹലും പ്രണയത്തിലായത്. പിന്നാലെ ഇരുവരും വിവാഹിതരായി. രണ്ട് വര്‍ഷം മുന്‍പ് ചഹലിന്റെ പേര് ധനശ്രീ വര്‍മ സോഷ്യല്‍ ഹാന്‍ഡിലുകളില്‍ നിന്ന് നീക്കം ചെയ്തതോടെയാണ് ഇരുവരും തമ്മില്‍ അത്ര ചേര്‍ച്ചയിലല്ല പോകുന്നതെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. പിന്നാലെ ചഹല്‍ ധനശ്രീയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിന്നും നീക്കം ചെയ്തു.
അടുത്തയിടെയുണ്ടായ ഇന്‍സ്റ്റഗ്രാം സ്റ്റോറികളാണ് ഇരുവരുടെയും പേരുകള്‍ വീണ്ടും സമൂഹമാധ്യമങ്ങളില്‍ സജീവമാക്കിയത്. പിരിഞ്ഞുവെന്ന വാര്‍ത്തകള്‍ ഇരുവരും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും ക്രിക്കറ്റ് താരമെന്ന നിലയിലും മകനെന്ന നിലയിലും സുഹൃത്തെന്ന നിലയിലും തനിക്കേറെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ടെന്നും ചഹല്‍ കഴിഞ്ഞ ദിവസം കുറിച്ചു. ഇതിന് പിന്നാലെ പ്രമുഖ റിയാലിറ്റി ഷോയുടെ സെറ്റിലും ചഹല്‍ പ്രത്യക്ഷപ്പെട്ടിരുന്നു.