കശ്മീരിനെയും ലഡാക്കിനെയും ബന്ധിപ്പിക്കുന്ന സോനാമാര്‍ഗ് തുരങ്കപാത പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ജമ്മു–കശ്മീരിന്‍റെയും ലഡാക്കിന്‍റെയും പുരോഗതിയില്‍ സുപ്രധാന വഴിത്തിരിവാണ് 6.4 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തുരങ്കപാത. മധ്യകശ്മീരിലെ ഗന്ദെര്‍ബാല്‍ ജില്ലയിലെ കങ്കണിനെ ലോകപ്രശസ്ത ടൂറിസം കേന്ദ്രമായ സോനാമാര്‍ഗുമായി ബന്ധിപ്പിക്കുന്ന ടണലിന് 2700 കോടി രൂപയാണ് ചെലവ്. സോനാമാര്‍ഗില്‍ നിന്ന് അനായാസം ലഡാക്കിലെത്താം.
കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി, ജമ്മുകശ്മിര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല, ലഫ്റ്റനന്‍റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സോനാമാര്‍ഗ് ടണലിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്. 2012ല്‍ ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷനാണ് ടണലിന്‍റെ നിര്‍മാണം തുടങ്ങിയത്. പിന്നീട് നാഷണല്‍ ഹൈവേസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്‍റ് കോര്‍പറേഷന്‍ ഏറ്റെടുക്കുകയായിരുന്നു. 2019ല്‍ റീടെന്‍ഡര്‍ നടത്തിയശേഷമാണ് നിര്‍മാണം വേഗത്തിലായതും പദ്ധതി പൂര്‍ത്തീകരിച്ചതും.
സോനാമാര്‍ഗ് തുരങ്കപാത യാഥാര്‍ഥ്യമായതോടെ ദേശീയപാത ഒന്നില്‍ വര്‍ഷം മുഴുവന്‍ തടസമില്ലാതെ യാത്ര ഉറപ്പാകും. കശ്മീരിനെയും ലഡാക്കിനെയും ബന്ധിപ്പിക്കുന്നതാണ് ദേശീയപാത 1. ടൂറിസവും വ്യാപാരവും ഉള്‍പ്പെടെയുള്ള മേഖലകളില്‍ വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന തുരങ്കപാത സൈന്യത്തിനും മുതല്‍ക്കൂട്ടാണ്. ആശുപത്രികള്‍ ഉള്‍പ്പെടെ അവശ്യസേവനങ്ങളും കൂടുതല്‍ കാര്യക്ഷമമാകും. കനത്ത മഞ്ഞുവീഴ്ചയുള്ളപ്പോഴും അതിര്‍ത്തിപ്രദേശങ്ങളിലേക്കുള്ള സൈനികനീക്കം അനായാസമാക്കാന്‍ ഇത് ഉപകരിക്കും. തന്ത്രപ്രധാനമായ തുരങ്കപാതയ്ക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.