TOPICS COVERED

പ്രയാഗ്‌രാജിലെ മഹാകുംഭമേളയുടെ ഭാഗമായുള്ള അമൃത സ്നാനത്തില്‍ പങ്കുകൊണ്ട് ദശലക്ഷങ്ങള്‍. 13 മഠങ്ങളിലെ സന്യാസിമാര്‍ ത്രിവേണി സംഗമത്തില്‍ മുങ്ങിനിവരുന്നതോടെ ഇന്നത്തെ ചടങ്ങുകള്‍ സമാപിക്കും. മൂന്നുകോടി ഭക്തരെയാണ് പ്രതീക്ഷിക്കുന്നത്.

ഇന്ന് മഹാകുംഭമേളയിലെ ആദ്യ പുണ്യസ്നാനമായ അമൃത സ്നാനം. സൂര്യോദയത്തിന് മുന്‍പേ തീരം കാവിയില്‍ മുങ്ങി. ദിഗംബരന്‍മാരും നാഗസന്യാസിമാരും ഒഴുകിയെത്തി.  സനാതന ധര്‍മത്തിന്‍റെ ഭാഗമെന്ന് കരുതുന്ന 13 മഠങ്ങളിലെ സംന്യാസിമാര്‍ ത്രവേണിസംഗമത്തില്‍ മുങ്ങിനിവര്‍ന്ന് പുണ്യംതേടും.


പുലര്‍ച്ചെ മഹാനിര്‍വാണി അഘാടയിലെയും ശംഭു അടല്‍ അഘാടയിലെയും സംന്യാസിമാര്‍ ഘോഷയാത്രയായെത്തി ത്രിവേണി സംഗമത്തില്‍ ഇറങ്ങിയതോടെ ചടങ്ങുകള്‍ക്ക് തുടക്കമായി.

പിന്നീട് മൂന്ന് അഘാടകള്‍ ചേര്‍ന്നുള്ള സംഘങ്ങള്‍ ഒന്നൊന്നായി കടവിലേക്ക്. ഓരോ അഘാടകള്‍ക്കും 40 മിനിറ്റ് വീതമാണ് സ്നാനത്തിനായി അനുവദിച്ചിരിക്കുന്നത്. വൈകിട്ടോടെ 13 മഠങ്ങളിലേയും സംന്യാസിമാര്‍ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി മടങ്ങും.

ഇതോടൊപ്പം സാധാരണ ജനങ്ങള്‍ക്ക് സ്നാനം നടത്താന്‍ മറ്റൊരു സ്ഥലവും സജ്ജീകരിച്ചിട്ടുണ്ട്. രാവിലെ എട്ടരയോടെതന്നെ ഒരുകോടിക്കടുത്ത് ഭക്തര്‍ എത്തിയെന്ന്  അധികൃതര്‍ അറിയിച്ചു. ജനുവരി 29, ഫെബ്രുവരി മൂന്ന്, 12, 26 ദിവസങ്ങളിലാണ് ഇനി പുണ്യസ്നാനം

ENGLISH SUMMARY:

Maha Kumbh Mela Updates