ശരീരമാസകലം ഭസ്മം പൂശി, തലയില്‍ രുദ്രാക്ഷമാലചുറ്റി, കൈയില്‍ ത്രിസൂലം, വാള്‍, ചുറ്റിക തുടങ്ങിയ പിടിച്ച് നഗ്നരായി സ്നാനം നടത്തുന്ന സന്യാസിമാര്‍. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന മഹാഭാഗ്യത്തെ ആത്മാവിനോട് ചേര്‍ത്തുവച്ചാണ് ഇവരുടെ മടക്കം. സന്യാസിമാരുടെ സ്നാനം കാണുന്നതും മഹാഭാഗ്യമായി കരുതുന്ന ലക്ഷക്കണക്കിന് വിശ്വാസികള്‍ പ്രയാഗ്‌രാജിലേക്ക് ഒഴുകിയെത്തി.
അലങ്കരിച്ച ട്രക്കുകൾക്കു മുകളിലും കുതിരപ്പുറത്തുമായി പ്രദക്ഷിണംവച്ചാണ് സന്യാസിമാര്‍ സ്നാനത്തിനെത്തിയത്. അതും വാദ്യമേളങ്ങളുടെയും മന്ത്രോച്ചാരണത്തിന്‍റെയും അകമ്പടിയോടെ.
വിഷ്ണു, കൃഷ്ണ, ബ്രഹ്മ ഭഗവാന്മാര്‍ അമൃതം നിറച്ച പാത്രത്തിനായി പോരാടിയപ്പോൾ നാലു തുള്ളി അമൃതം ഭൂമിയിൽ വീണതില്‍ ഒരു തുള്ളി തുള്ളി പ്രയാഗ്രാജിൽ വീണെന്നാണ് വിശ്വാസം. ഈ അമൃതില്‍ കുളിച്ച് പാപങ്ങളെല്ലാം കഴുകിക്കളയുന്നതാണ് അമൃത് സ്നാനം.